ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റും എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്നിന്റെ അവസാന ഘട്ട പരീക്ഷകളും നടത്തുന്നത് സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി ഇന്ന് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയേക്കും. നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടുവാനും ജെഇഇ മെയ്നിന്റെ അവസാനഘട്ട പരീക്ഷകൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തുവാനും സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രവേശനപരീക്ഷകൾ നടത്തുന്നത് അനിശ്ചിതത്വത്തിലായത്. ബോർഡ് പരീക്ഷകൾ വേണ്ടെന്ന് വച്ച പശ്ചാത്തലത്തിൽ ഉന്നതപഠനത്തിന് പ്രവേശനപരീക്ഷകൾ വിദ്യാർത്ഥികൾക്ക് അനിവാര്യമായിരിക്കുകയാണ്. കോളജ് പ്രവേശനത്തിന് പ്രവേശനപരീക്ഷകളിലാണ് വിദ്യാർത്ഥികൾ പ്രതീക്ഷ അർപ്പിക്കുന്നത്.

നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് സെപ്റ്റംബറിലേക്ക് നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാരണം ഇതുവരെ അപേക്ഷിക്കുന്നതിനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ജെഇഇ മെയ്ൻ പോലെ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.

ജെഇഇ മെയ്നിന്റെ അവസാന രണ്ടു ഘട്ട പരീക്ഷകളാണ് കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചത്. ഇത് ജൂലൈ, ഓഗസ്റ്റ് മാസത്തിലായി നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. 25 ദിവസത്തെ ഇടവേളയിൽ പരീക്ഷ നടത്തുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്.