കോഴിക്കോട്: റിപ്പോർട്ടർ ടി.വിയുടെ കോഴിക്കോട് ബ്യൂറോ വാഹനം അടിച്ചു തകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന വാഹനം രാത്രിയിലാണ് അടിച്ച് തകർത്തത്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ആക്‌സസറീസും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി.

സാമൂഹ്യ വിരുദ്ധരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് നഗരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം ശക്തമാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കോവിഡ് കാലത്ത് രാത്രികാല പൊലീസ് പട്രോളിങ് കുറഞ്ഞതോടെ മോഷ്ടാക്കളും സെക്സ് റാക്കറ്റും സജീവമാണ്. മാവൂർ റോഡ്, അരയിടത്ത് പാലം, മിംസ് ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. മയക്കുമരുന്ന് മാഫിയയും നഗരത്തിൽ പിടിമുറുക്കിയിട്ടുണ്ട്.