കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുമ്പോൾ അതും രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കിട്ടിയ സൗഹൃദം. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷൻ അംഗമായ വർഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരനായ വർഗ്ഗീസ് ബേബി. രണ്ടുപേരും സിപിഎമ്മുകാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ.

ഡിസംബർ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാൽ, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കൽ കമ്മിറ്റിയംഗവും വർഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്.

അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽനിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബർ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമർപ്പിച്ചത്.

കോന്നി വി.എൻ.എസ്. കോളേജിൽനിന്ന് ബി.ബി.എ. പൂർത്തിയാക്കിയ രേഷ്മ ഡിവൈഎഫ്ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഎം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫൻസ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരൻ റോബിൻ മാത്യു റോയ്. നാമനിർദേശ പത്രിക സമർപ്പിക്കാൻ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാർത്ഥിയാണ് രേഷ്മ. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുൻപായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്.

കോന്നി വിഎൻഎസ് കോളേജിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്മ എസ്എഫ്‌ഐയുടെ സജീവ പ്രവർത്തകയായിരുന്നു. തുടർ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്മയെ തേടി 'തിരഞ്ഞെടുപ്പ് പരീക്ഷ' എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

രേഷ്മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. അരുവാപ്പുലം ഊട്ടുപാറ സ്വദേശിയാണ് വർഗ്ഗീസ് ബേബി. 40കാരനായ വർഗ്ഗീസ് ബേബിയും കോന്നി മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.