മൂന്നാർ: ലക്ഷംവീട് കോളനിക്കായി വീടു നിർമ്മിക്കാൻ മൂന്നാറിൽ അനുമതി നൽകിയ ഭൂമിയിൽ നിർമ്മിച്ചത് റിസോർട്ട്. നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയുള്ള നിർമ്മാണത്തിന് ഒടുവിൽ റിസോർട്ടിന്റെ ലൈസൻസ് റദ്ദു ചെയ്തു. മൂന്നാർ ലക്ഷം കോളനിയിൽ പ്രവർത്തിക്കുന്ന കുറിഞ്ഞി കോട്ടേജ് എന്ന റിസോർട്ടിന്റെ പ്രവർത്തനാനുമതിയാണ് സബ് കളക്ടർ രാഹുൽകൃഷ്ണ ശർമയുടെ നിർദേശപ്രകാരം മൂന്നാർ പഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത്കുമാർ റദ്ദുചെയ്തത്.

സർക്കാരിന്റെ ലക്ഷംവീട് നിർമ്മാണ പദ്ധതിയുടെ ഭാഗമായി നൽകിയ നാലുസെന്റ് ഭൂമിയിലാണ് വാണിജ്യാവശ്യത്തിനുള്ള കൂറ്റൻകെട്ടിടം നിർമ്മിച്ച് റിസോർട്ടായി പ്രവർത്തിച്ചുവന്നത്. മുൻ പഞ്ചായത്തംഗമായിരുന്ന ഉടമ, വീടു നിർമ്മിക്കാൻ നൽകിയ ഭൂമിയിൽ നിർമ്മിച്ച റിസോർട്ടിന് പഞ്ചായത്തിനെ തെറ്റിധരിപ്പിച്ച് ലൈസൻസ് നേടുകയായിരുന്നുവെന്ന് സബ് കളക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വീടുവെക്കാൻ നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിച്ചതിനെതിരേ 2012-ൽ റവന്യൂവകുപ്പ് കേസെടുത്തിരുന്നു.

ഇതിനുശേഷം റിസോർട്ടിനു തൊട്ടടുത്തായി പാതയോരത്തുള്ള കൈവശഭൂമിയിൽ കുറിഞ്ഞി വണ്ടർലസ്റ്റ് എന്ന പേരിൽ അനുമതിയില്ലാതെ മറ്റൊരു വലിയ റിസോർട്ടുകൂടി, റവന്യു വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ ഇവർ രണ്ടുവർഷംമുൻപ് നിർമ്മിച്ചു.

മൂന്നാർ ന്യൂ കോളനി, ലക്ഷം കോളനി, എം.ജി. കോളനി, സെറ്റിൽമെന്റ് കോളനി എന്നിവടങ്ങളിൽ സമാനരീതിയിൽ വീടുവെക്കാൻ നൽകിയ ഭൂമിയിൽ നിരവധി റിസോർട്ടുകൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് റവന്യൂ വകുപ്പ്.