ദുബായ്: ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കി യു.എ.ഇ. ആനഘോഷങ്ങളോടനുബന്ധിച്ച് ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ 80 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കരുത്. ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നവർ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസോ നാലു ദിവസത്തിനിടയിലെ നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്നും നിബന്ധനയുണ്ട്.

ഹസ്തദാനത്തിനും ആലിംഗനം ചെയ്യുന്നതിനും നിരോധനമുണ്ട്. എല്ലാ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. സംഘാടകർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പ്രവേശനകവാടങ്ങളിൽ താപനില പരിശോധന നടത്തുകയും വേണം.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിപാടികളിൽ പ്രത്യേക ടീമിനെ സജ്ജമാക്കണമെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി.

യു.എ.ഇ യിൽഓമിക്രോൺ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം സജീവമായിട്ടുണ്ട്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സന്നദ്ധമാകണമെന്നും രോഗം പ്രതിരോധിക്കാൻ അത് അനിവാര്യമാണെന്നും അധികൃതർ നിർദ്ദേശിച്ചു.