മൂന്നാർ: ഇക്കാനഗറിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ സർക്കാർ ഭൂമി കൈയേറി മുള്ളുവേലി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ റവന്യൂ വകുപ്പ് രംഗത്ത്. വിഷയത്തിൽ കഴിഞ്ഞ ദിവസം മൂന്നാർ വില്ലേജ് ഓഫീസർ നേരിട്ടെത്തി സ്റ്റോപ്പ് മെമോ നൽകിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

കെഎസ്ഇബിക്ക് സർക്കാർ കൈമാറിയ സർവെ നമ്പർ 843ൽ പ്പെട്ട എട്ട് സെന്റോളം വരുന്ന ഭൂമിയിലാണ് കൈയേറ്റം നടന്നത്. ഇതിന് സമീപത്തായി എംഎൽഎയുടെ ഭാര്യ ലതയുടെ പേരിൽ 4 സെന്റ് സ്ഥലവും ഇതിലൊരു വീടുമുണ്ട്. ഇതിന്റെ മറപിടിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനായി 10 ഓളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളേയും എത്തിച്ചിരുന്നു.

സ്ഥലം കെട്ടി തിരിക്കുന്നതിനിടെ ദേവികുളം തഹസിൽദാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തുകയായിരുന്നു. സ്റ്റോപ്പ് മെമോ നൽകി നിർമ്മാണം നിർത്തി വയ്ക്കണമെന്നും കൈയേറിയ ഭൂമി അടിയന്തരമായി വിട്ടൊഴിയേണ്ടതുമാണെന്നും കാട്ടി കത്ത് നൽകുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ പോയതിന് പിന്നാലെ തന്നെ അവശേഷിച്ച ഭാഗത്തും ജോലികൾ തീർത്തു. സിമന്റിഷ്ടിക ഉപയോഗിച്ച് കെട്ടിയ ശേഷം കോൺക്രീറ്റ് കാൽ നാട്ടി കമ്പി വേലി സ്ഥാപിക്കുകയാണ് ചെയ്തത്.

എസ്. രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള ഭൂമി നേരത്തെ സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതടക്കം ഇവിടെ നിരവധി കൈയേറ്റങ്ങളാണ് നടന്നിരിക്കുന്നത്. ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മറ്റിടങ്ങളിൽ വീടുള്ളവരും ഇവിടെ കെട്ടിടം പണിത് വാടകയ്ക്ക് അടക്കം നൽകിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ കേസെടുത്തതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

പട്ടയ ഭൂമിയെന്ന് വാദം

അതേ സമയം കാളപ്പെറ്റെന്ന് കേൾക്കുമ്പോൾ ഉദ്യോഗസ്ഥർ കയറെടുക്കുകയാണെന്നും ഭൂമിക്ക് പട്ടയമുണ്ടെന്നും മുൻ എംഎൽഎ എസ്. രാജേന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിവരക്കേടാണ്. ഇത് പരിശോധിക്കാൻ പോലും തയ്യാറാകാതെയാണ് വിവാദം സൃഷ്ടിക്കാനായി നടപടി എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ ഭൂമി: തഹസിൽദാർ

സ്ഥലം സർക്കാർ ഭൂമിയാണെന്ന് ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ പറഞ്ഞു. ഇത് ബോധ്യപ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി. ഇത് ലഭിച്ച ശേഷം സബ് കളക്ടർക്കും ജില്ലാ കളക്ടർക്കും വിവരം റിപ്പോർട്ട് ചെയ്യും.