ലണ്ടൻ: ശുദ്ധമായ ഓക്‌സിജൻ ശ്വസിച്ചാൽ പ്രായം കുറയ്ക്കാൻ സാധിക്കുമോ? ഒരുപക്ഷേ അങ്ങനെ സാധിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഗവേഷണ ഫലങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യരുടെ പ്രായം 25 വയസ്സുവരെ കുറയ്ക്കാമെന്ന് ഗവേഷകർ പരീക്ഷണതത്തിലൂടെ കണ്ടെത്തിരിയിരിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇസ്രയേലിൽ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ഡെയ്‌ലി മെയ്ൽ ഓൺലൈൻ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 'ഓക്സിജൻ തെറാപ്പി' എന്ന ശാസ്ത്രീയമായ മാർഗത്തിലൂടെ അതിന് സാധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 64ഉം അതിന് മുകളിലുമായി പ്രായം വരുന്ന മുപ്പത്തിയഞ്ച് പേരെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയതെന്നും അത് വിജയകരമായി അവസാനിച്ചുവെന്നുമാണ് ഇവർ പറയുന്നത്. പ്രത്യേകം സജ്ജീകരിച്ച ചേംബറിനുള്ളിൽ 90 മിനുറ്റ് വീതം ആഴ്ചയിൽ അഞ്ച് ദിവസം ചെലവിടണം. ഇത് മൂന്ന് മാസത്തേക്ക് തുടരണം.

ഡിഎൻഎയിലാണത്രേ പ്രധാനമായും ഈ ചികിത്സാരീതി മാറ്റം വരുത്തുക. ക്രമേണ വ്യക്തിയുടെ കോശങ്ങളുടെ ഘടന 25 വർഷം പിറകിൽ എങ്ങനെയിരുന്നോ അതുപോലെ ആയി മാറുമെന്നുമാണ് റിപ്പോർട്ട്. ഓക്‌സിജൻ ട്രീറ്റ്‌മെന്റ് വഴി പ്രായമായരുടെ കോശഘടന യുവാക്കളുടേതുപോലെയാക്കി എന്നാണ് അവകാശവാദം. പ്രായമാകുന്നതു കുറയ്ക്കുന്ന ടെലോമെറിന്റെ അളവു ഉയർത്തുകയാണ് ഓക്‌സിജൻ തെറാപ്പിയിലൂടെ ചെയ്യുക.

പരീക്ഷണം നടത്തിയപ്പോൾ ഇത്തരത്തിൽ ഓകസിജൻ തെറാപ്പിലിയൂടെ ടെലോമെറിന്റെ എണ്ണം വർദ്ധിച്ചുവെന്നും ഇതോടെ വയോധികനായ വ്യക്തിയുടെ കോശം 25 വർഷം മുമ്പുള്ള അവസ്ഥയിൽ എത്തിയെന്നുമാണ് റിപ്പോർട്ട്. ടെലോമെറിന്റെ എണ്ണം കുറയുന്നതാണ് പ്രായമായ അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. എന്നാൽ, ടെലോമെറിന്റെ എണ്ണം കൂട്ടുകയാണ് പ്രായം കുറയ്ക്കാനുള്ള മാർഗ്ഗം. പുതിയ കണ്ടുപിടുത്തത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ അത് വലിയ വിപ്ലവകരമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.