മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം റിയ ചക്രബർത്തിക്ക് ആശ്വാസം. മയക്കുമരുന്ന് കേസിൽ എൻസിബി അന്വേഷണത്തിന്റ ഭാഗമായി റിയ ചക്രബർത്തിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ കോടതി ഉത്തരവ്. അക്കൗണ്ട് ഡീഫ്രീസ് ചെയ്യാനും നടിയുടെ കൈയിൽ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ് ഉൾപ്പെടെയുള്ളറ ഗാഡ്‌ജെറ്റുകൾ തിരികെ നൽകാനും സ്‌പെഷൽ കോർട്ട് ഉത്തരവിട്ടു. അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമാമക്കണമെന്ന് ആവശ്യപ്പെട്ട് റിയ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

10 മാസം മുമ്പാണ് എൻസിബി നടിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. അക്കൗണ്ട് ഫ്രീസായത് തന്റെ ജോലിയെ ബാധിക്കുന്നുണ്ടെന്നും തന്റെ ജോലിക്കാർക്കുള്ള ശമ്പളം നൽകൽ ഉൾപ്പെടെയുള്ള ഇടപടുകൾ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിരുന്നതെന്നും നടി കോടതിയെ അറിയിച്ചു.ജിഎസ്ടി ഉൾപ്പെടെയുള്ള നികുതികൾ നൽകുന്നതും ബാങ്ക് അക്കൗണ്ട് വഴിയാണ്. തന്റെ ഇളയ സഹോദരനും തന്റെ വരുമാനത്തെയാണ് ആശ്രയിക്കുന്നതെന്നും റിയ കോടതിയിൽ വ്യക്തമാക്കി.

റിയയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് ആവശ്യമായ ശക്തമായ വാദം എൻസിബിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി സെപ്ഷൽ ജഡ്ജ് ഡിഎം മാനെ റിയക്കനുകൂലമായി ഉത്തരവിറക്കുകയായിരുന്നു. ഇതിനോടൊപ്പം നൽകിയ മറ്റൊരു ഹർജിയിലാണ് നടിയുടെ പക്കൽ നിന്നും എൻസിബി പിടിച്ചെടുത്ത മാക്‌ബുക് പ്രോ ആപ്പിൾ ലാപ്‌ടോപ്, ആപ്പിൾ ഐ ഫോൺ എന്നിവ തിരിച്ചു നൽകാനും കോടതി ഉത്തരവിട്ടത്.

നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന മയക്കു മരുന്ന് കേസിലാണ് റിയ ചക്രബർത്തിക്കെതിരെ എൻസിബി അന്വേഷണം നടത്തിയത്.