കൊട്ടാരക്കര : സപ്ലൈകോ ഗോഡൗണിലുള്ള പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ അരി വൃത്തിയാക്കി വിതരണം ചെയ്യാൻ വീണ്ടും നീക്കം.രണ്ടായിരത്തോളം ചാക്ക് അരിയാണ് കഴുകി വീണ്ടും ഉപയോഗിക്കാനായി നീക്കം നടത്തുന്നത്.പാലക്കാട്ട് സ്വകാര്യ മില്ലിൽ കൊണ്ടുപോയി അരി വൃത്തിയാക്കാൻ ഉത്തരവുണ്ടെന്നും ഗോഡൗൺ തുറന്നു നൽകണമെന്നും കൊട്ടാരക്കര സപ്ലൈകോ ഡിപ്പോ മാനേജർ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർക്ക് കത്തുനൽകി.കത്തിന്റെ വിവരം പുറത്തായതോടെയാണ് നീക്കത്തെക്കുറിച്ച് ചർച്ചായത്.

സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള രണ്ടായിരം ചാക്ക് അരി ഉപയോഗയോഗ്യമല്ലെന്ന് രണ്ടുതവണ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പഴകിയതും കീടനാശിനി കലർന്നതുമായ അരി വിതരണം ചെയ്യാൻ ശ്രമിച്ചതിന് സപ്ലൈകോ ഉദ്യോഗസ്ഥരെ പ്രതിയാക്കി ഭക്ഷ്യസുരക്ഷാവകുപ്പ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

പാലക്കാട്ടുള്ള സ്വകാര്യമില്ലിൽ അരി വൃത്തിയാക്കാൻ നാലുലക്ഷം രൂപയുടെ കരാറാണ് സപ്ലൈകോ നൽകിയിരിക്കുന്നത്. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എതിർപ്പുയർന്നാൽ പൊലീസ് സഹായത്തോടെ അരി പാലക്കാട്ട് കൊണ്ടുപോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.അരി അടുത്തയാഴ്ച കൊണ്ടുപോകുമെന്നാണ് കത്തിൽ പറയുന്നത്.

അതേസമയം രണ്ടായിരം കിലോ അരി നശിക്കാനിടയായതിനു കാരണക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഏതുവിധേനയും അരി വൃത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു പിന്നിലെന്ന് ആരോപണമുണ്ട്. ഉദ്യോഗസ്ഥർ വലിയ തുക പിഴ ഒടുക്കേണ്ടിവരുന്നതിനൊപ്പം സപ്ലൈകോയിലെ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ നിയമനടപടികൾക്കു വിധേയരാകുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് അരി ഉപയോഗയോഗ്യമല്ലെന്നു തെളിഞ്ഞിട്ടും വീണ്ടും വൃത്തിയാക്കി വിതരണത്തിനു ശ്രമിക്കുന്നതെന്നാണ് ആരോപണം.

കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ പഴകിയ അരി കീടനാശിനി കലർത്തി വൃത്തിയാക്കുന്നത് തടഞ്ഞത് ബിജെപി. പ്രവർത്തകരും നാട്ടുകാരുമായിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയതും അരി ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതും. സംഭവത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.