മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ) ഓഹരികളുടെ കുത്തനെയുള്ള വളർച്ചയ്ക്ക് പിന്നാലെ ചെയർമാർ മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 100 ബില്യൺ ഡോളറിലേക്ക് കുതിക്കുകയാണ്. ബ്ലൂംബെർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഈ വ്യവസായ പ്രമുഖന്റെ ഇപ്പോഴത്തെ ആസ്തി 92.6 ബില്യൺ ഡോളറാണ്. ആർ.ഐ.എൽ ഓഹരികളിലെ കുതിപ്പ് ഈ ആഴ്ച അംബാനിയുടെ മൊത്ത ആസ്തിയിൽ 15.9 ബില്യൺ ഡോളറിന്റെ വർധനവുണ്ടാക്കിയിട്ടുണ്ട്.

അംബാനിയുടെ ആസ്തി വർധന ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ജീവനക്കാർക്കാണ്. പത്ത് മുതൽ 12 ശതമാനം വരെ ശമ്പള വർധനവാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ 2020-21 സാമ്പത്തിക വർഷത്തിൽ റിലയൻസ് മുഴുവൻ ജീവനക്കാർക്കും ബോണസ് നൽകിയിരുന്നു.

കഴിഞ്ഞ വർഷം കോവിഡ് മഹാമാരി കാരണം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് തീരുമാനം മാറ്റി മുഴുവൻ ശമ്പളവും നൽകുകയുമായിരുന്നു. കഴിഞ്ഞ വർഷം വരുമാന വർധനവ് ഉണ്ടായിരുന്നില്ല. അതേസമയം, ശമ്പള വർധനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ റിലയൻസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ പെട്രോകെമിക്കൽസ് ബിസിനസിലെ 15 ലക്ഷത്തിലധികം വരുമാനമുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം റിലയൻസ് കഴിഞ്ഞ വർഷം ഏപ്രിലിൽ 30-50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഒക്‌ടോബറിൽ കുറച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ തിരിച്ചുനൽകി. കമ്പനി തങ്ങളുടെ മറ്റ് ബിസിനസ്സുകളിലെ ശമ്പള വർദ്ധനവും ഇൻസെന്റീവുകളും ഉൾപ്പെടെ കോവിഡ് കാരണം കഴിഞ്ഞ വർഷം മരവിപ്പിച്ചിരുന്നു.