കൊച്ചി: മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ വാത്സല്യം. കുടുംബത്തിനുവേണ്ടി ജീവിക്കുന്ന മേലേടത്ത് രാഘവൻ നായർ ഇന്നും മലയാളികളുടെ ഉള്ളിൽ നോവാണ്. സിദ്ദിഖിന്റെ ഭാര്യ ശോഭയുടെ കഥാപാത്രമായി ഇളവരശിയാണ് എത്തിയത്. ചിത്രത്തിലെ വില്ലത്തിയാണ് ഈ കഥാപാത്രം. എന്നാൽ അടുത്തിടെ ചിത്രത്തിന്റെ ഉടച്ചുവാർത്തുകൊണ്ടുള്ള ചില നിരൂപണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശക്തമായ നിലപാടുള്ള സ്ത്രീയായാണ് ശോഭയെ വിലയിരുത്തിയത്. ഇക്കാലത്താണ് വാത്സല്യം റിലീസ് ചെയ്തിരുന്നെങ്കിൽ മമ്മൂട്ടി വില്ലനും ശോഭ നായികയുമാകുമായിരുന്നെന്നും വ്യക്തമാക്കി.

അതിനു പിന്നാലെ വാത്സല്യത്തെക്കുറിച്ചുള്ള ട്രോൾ പങ്കുവെച്ചുകൊണ്ട് നടി റിമ കല്ലിങ്കലും രംഗത്തെത്തി. 1993 ൽ മമ്മൂട്ടി നായകനായിരുന്നെങ്കിൽ 2021 ൽ മമ്മൂട്ടി വില്ലനാണ് എന്നായിരുന്നു ട്രോളിൽ പറയുന്നത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് റിമ ട്രോൾ പങ്കുവെച്ചത്. എന്തായാലും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ്. നിരവധി പേർ റിമയെ പിന്തുണച്ചുകൊണ്ട് എത്തുന്നുണ്ടെങ്കിലും കൂടുതലും വിമർശനമാണ് വരുന്നത്.

2021 അല്ല.എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും വാത്സല്യത്തിലെ നായകൻ നമ്മുടെ മമ്മൂക്ക തന്നെ. മേലേടത് രാഘവൻ നായർ അന്നും ഇന്നും എന്നും മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട നായകൻ തന്നെയായിരിക്കും- എന്നായിരുന്നു ഒരാളുടെ കമന്റ്. അല്ലേലും എല്ലുമുറിയെ പണിയെടുക്കുന്ന ആത്മാഭിമാനമുള്ള കർഷകർ ഫാസിസ്റ്റുകൾക്ക് എന്നും വില്ലന്മാരാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. വർഷങ്ങൾക്കു മുൻപിറങ്ങിയ സിനിമയിലെ സ്ത്രീവിരുദ്ധത പറയാതെ നിലവിലെ സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പറയണം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.