കൊച്ചി: തന്റെ ഏറ്റവും ചെറിയ സന്തോഷം തൊട്ട് വീട്ടിലെ ഒട്ടുമിക്ക കാര്യങ്ങളും ആരാധാകരുമായി പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക റിമി ടോമി.
പാചക വീഡിയോകളും ഗാനങ്ങളുമൊക്കെയായി താരം ആരാധകർക്കിടയിലേക്ക് എത്താറുണ്ട്. തന്റെ പതിവു ശൈലിയിൽ ഇത്തിരി നർമ്മവും ചേർത്താണ് റിമി പല കാര്യങ്ങളും പങ്കുവെക്കാറ്. അതുകൊണ്ട് തന്നെ ഗായിക പങ്കുവെക്കുന്ന വിശേഷങ്ങളും വൈറലാവാറുമുണ്ട്.ഇപ്പോഴിത തന്റെ സ്വപ്‌ന വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് റിമി വീണ്ടും എത്തിയിരിക്കുന്നത്. എന്നാൽ വീടിന്റെ ഉടമസ്ഥർ റിമിയല്ല;റിമി സഹോദരനും ഭാര്യ മുക്തക്കും സമ്മാനിച്ചതാണ് ഈ സ്വപ്‌ന വീട്.

സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയ്ക്കൊപ്പമുള്ള വീഡിയോ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. ഓപ്പൺ ശൈലിയിലാണ് വീടിന്റെ അകത്തളം ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് റൂം തൊട്ട് ഓരോ ഇടത്തിലും ധാരാളം ചെടികൾ നിറച്ച് പച്ചപ്പ് സൃഷ്ടിച്ചിരിക്കുന്നതും കാണാം.ലിവിങ് റൂമിൽ നിന്ന് ചുമരുകളുടെ മറയില്ലാതെയാണ് അടുക്കളയും ഡൈനിങ് റൂമുമെല്ലാം ഒരുക്കിയിരിക്കുന്നത്. ചുമരുകളുടെ ഓരോ വശത്തായി കുടുംബ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. ലിവിങ് റൂമിൽ നിന്ന് ബെഡ്റൂമിലേക്ക് കടക്കുന്നതിന് ഇടയിലാണ് പ്രാർത്ഥനാമുറി.

ലിവിങ് റൂമിന്റെ മറുവശത്തായാണ് ഡൈനിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിന്റെ വശത്തുള്ള വിശാലമായ ഗ്ലാസ് ഡോർ തുറന്നാൽ പുറത്തെ കാഴ്‌ച്ചകൾ കാണാം. ഡൈനിങ്ങിന്റെ മറുവശത്തായി ഓപ്പൺ ശൈലിയിൽ തന്നെ അടുക്കളയും. വീട്ടിൽ എപ്പോഴും ഏറ്റവും വൃത്തിയോടെ സൂക്ഷിക്കണം എന്ന നിർബന്ധമുള്ളയിടം ഇടം അടുക്കളയാണെന്ന് മുക്ത പറയുന്നു. വൈറ്റ് ടോണിൽ തന്നെയാണ് അടുക്കളയിലെ കാബിനറ്റും കൗണ്ടർടോപ്പുമൊക്കെ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡൈനിങ്ങിൽ നിന്ന് ഗ്ലാസ്ഡോർ തുറക്കുന്നത് ബാൽക്കണിയിലേക്കാണ്. വീട്ടിൽ ഏറ്റവുമധികം ചെടികൾ നിറച്ച ഭാഗമാണിത്. ഇടനേരങ്ങൾ ആസ്വദിക്കാൻ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. തുളസിയും കറിവേപ്പിലയും പച്ചക്കറികളുമൊക്കെ നട്ടുവളർത്തിയ ഇടമാണിത്. മിനിമൽ രീതിയിലാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.വീട് വൈറ്റ് ടോണിൽ തന്നെ ചെയ്യണം എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നാണ് എന്ന് റിമി പറയുന്നത്.