ബംഗളുരു: കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. തങ്ങളുടെ അപ്പു ഇനിയില്ലെന്ന വാർത്ത വിശ്വസിക്കാൻ പോലുമാകാതെ തകർന്ന അവസ്ഥയിലാണ് ആരാധകർ. അത്രയ്ക്ക് അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത വന്നത്. ഇതോടെ കന്നഡ സിനിമാ ലോകം കണ്ണീർവാർക്കുകയാണ്. എന്നാൽ താരത്തിന്റെ വിയോഗത്തിലും പുനീതിന്റെ കണ്ണുകൾ ഇനിയും ലോകം കാണും. പുനീതിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം സാൻഡൽവുഡിനും കന്നഡ സിനിമാ പ്രേമികൾക്കും എല്ലാമെല്ലാമായ പുനീതിനെ കാണാൻ ആയിരിങ്ങളാണ് എത്തുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിന്റെ മൃതദേഹം. വിലാപയാത്രയിലും പൊതുദർശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വൻ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു പുനീതിന്റെ മരണം.

താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ആശുപത്രിക്ക് മുന്നിൽ കണ്ണീരും പ്രാർത്ഥനയുമായി തടിച്ചു കൂടിയ ജനക്കൂട്ടം അദ്ദേഹം അവർക്ക് ആരായിരുന്നുവെന്നതിന് തെളിവാണ്. താരജാഡകളില്ലാത്ത താരമായിരുന്നു പുനീത്. അശരണരെ ചേർത്തുപിടിച്ച താരം. നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തത് മുതൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് പുനീത്.

അതേസമയം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് കർണാടകയിൽ അതീവ ജാഗ്രത. ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകി. സുരക്ഷാ സൗകര്യങ്ങളും കൂടുതലായി ഒരുക്കിയിട്ടുണ്ട്.

വെറും 46-ാം വയസ്സിലാണ് പുനീത് രാജ്കുമാറിനെ മരണം കവർന്നെടുത്തത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏകദേശം 46 വയസ്സോളം പ്രായംവരും. മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോഡാണ് പുനീതിന് സ്വന്തമായിരുന്നത്. വെറും ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ പ്രേമദ കനികെ എന്ന ചിത്രത്തിൽ കുഞ്ഞു പൂനീത് മുഖം കാണിച്ചത്. 1976 ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് 1977 ൽ സദാനി അപാന, തായികേ താക്ക മാഗ (1978), വസന്ത ഗീത (1980) അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.

സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർമ്മാതാവിന്റെ വേഷത്തിലെത്തിയ സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെയാണ് താരത്തിന്റെ മരണം.