തിരുവനന്തപുരം: മലയാള സിനിമയെ വിറപ്പിച്ച വില്ലന്മാരുടെ പട്ടിക എടുത്താൽ തീർച്ചയായും ജോൺ ഹോനായ്ക്ക് ഒരു ഇരിപ്പിടം ഉണ്ടാകും. സിദ്ധിക് ലാലിന്റെ ഇൻഹരിഹർ നഗറിലെ ജോൺ ഹോനാ. തരികിടയും വായ്‌നോട്ടവുമായി നടക്കുന്ന ഹരിഹർ നഗറിലെ നാൽവർ യുവസംഘത്തിനെ വിറപ്പിച്ച ജോൺ ഹോനായുടെ കടന്ന് വരവാണ് ചിത്രത്തിന്റെ പ്രധാന വഴിത്തിരിവ്. വെളുത്ത് തുടുത്ത ഹോനായി പ്രേക്ഷകരെ പേടിപ്പിച്ചത് തന്റെ ചിരിയിലൂടെയായിരുന്നു. ആ ചിരിയുടെ ഉടമ റിസബാവ ആയിരുന്നു.

്പുതുമയുള്ള ഒരു വില്ലൻ കഥാപാത്രത്തെയാണ് റിസബാവ അവതരിപ്പിച്ചത്. ഡോക്ടർ പശുപതിയിൽ അതിന് മുമ്പ് നായകൻ ആയെങ്കിലും, റിസബാവ മലയാളി മനസ്സിൽ ഇടംപിടിച്ചത് ജോൺ ഹോനായിലൂടെ ആണ്. കഥാപാത്രത്തിന് അനുയോജ്യമായ നടനെ കണ്ടുപിടിക്കുന്നതിൽ മിടുക്കരായ സിദ്ധിക് -ലാലിന്റെ തിരഞ്ഞെടുപ്പ് തെറ്റിയില്ല. അതേ മോഡൽ വില്ലന്മാരുടെ ഒരു പരമ്പര വരികയും അതിൽ പലതിലും റിസബാവ തന്നെ അഭിനയിച്ചു എന്നതും ആ നടന്റെ കരിയറിന് ദോഷവും ഉണ്ടാക്കി.

കീരിക്കാടൻ ജോസായി മോഹൻ രാജും, സ്ഫടികത്തിലെ കുറ്റിക്കാടനായി ജോർജും, റാംജിറാവുവിൽ വിജയരാഘവനും, ഇന്ദ്രജാലത്തിലെ കാർലോസായി രാജൻ പി ദേവും, ധ്രുവത്തിലെ ഹൈദർ മരക്കാരായി, ടൈഗർ പ്രഭാകറും, ദേവാസുരത്തിൽ മുണ്ടയ്ക്കൽ ശേഖരനായി നെപ്പോളിയനും, ഒക്കെ തിളങ്ങുമ്പോഴും റിസബാവയുടെ ജോൺ ഹോനായ്ക്ക് സവിശേഷ സ്ഥാനമുണ്ട് മലയാള സിനിമയിൽ. കൊല്ലുന്ന ചിരിയോടെ പ്രേക്ഷകരെ പേടിപ്പിച്ച വില്ലൻ. അമ്മച്ചിയുടെ നിധികൾ അടങ്ങിയ ആ പെട്ടി തേടി എത്തുന്ന വില്ലൻ അത്രകണ്ട് ഹിറ്റായിരുന്നു. റിസബാവ എന്ന സുന്ദരനായ വില്ലൻ ആ ഒരു ഒറ്റവേഷത്തിലൂടെയാണ് ക്ലിക്കായതും.

ഇൻഹരിഹർ നഗറിന്റെ വലിയ വിജയത്തോടെ റിസബാവ മലയാള സിനിമയിലെ തിരക്കേറിയ നടനായി. 'ഉപ്പുകണ്ടം ബ്രദേഴ്‌സ്', 'കാബൂളി വാല', 'പ്രിയപ്പെട്ട കുക്കു', 'അനിയൻ ബാവ ചേട്ടൻ ബാവ' അങ്ങനെ ഒട്ടേറെ വാണിജ്യ ചിത്രങ്ങളിലെ ഒഴിച്ചു നിർത്താനാകാത്ത താരമായി റിസബാവ വളർന്നു. 2000-നു ശേഷം ആക്ഷൻ ചിത്രങ്ങളാണ് റിസബാവയെ കൂടുതൽ തേടിയെത്തിയത്. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത 'ഹലോ'യിലെ റിസബാവയുടെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 90-മുതൽ 2015 വരെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരത്തിനു പിന്നീട് അധികം സിനിമകൾ ലഭിച്ചില്ല.

11 ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടിച്ചെക്കു നൽകി കബളിപ്പിച്ച കേസിൽ റിസവാബാവയെ കോടതി മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത് കുറച്ച് നാളുകൾക്ക് മുമ്പാണ്. ഇതോടെ ജീവിതത്തിലും വിവാദനായകനായി മാറി താരം.

ജീവിത വഴികൾ

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്‌ക്കെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.

എന്നാൽ റിസബാവ ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ വില്ലൻ വേഷം ചെയ്തതോടെയാണ്.

പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു.
വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിംങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി c/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിഗുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രം വണ്ണിലാണ് ഒടുവിൽ വേഷമിട്ടത്.