ലണ്ടൻ: തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയാൽ അധികം വൈകാതെ മലയാള മാധ്യമങ്ങളിൽ ഇടംപിടിക്കാറുള്ള ഒന്നാണ് പുതിയതായി അധികാരമേറ്റ മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാനായി ലക്ഷങ്ങൾ ചെലവാക്കുന്ന കഥകൾ. ഔദ്യോഗിക വസതിയുടെ പേര് മാറ്റാൻ പോലും ചിലർ തയ്യാറായിട്ടുണ്ട് എന്ന കാര്യവും മറക്കരുത്. എന്നാൽ, ബ്രിട്ടനിലെ ജനാധിപത്യത്തിൽ അതൊന്നും അത്ര എളുപ്പം സാധിക്കില്ലെന്നതാണ് വസ്തുത.

ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ സ്പോൺസർമാരെ അന്വേഷിച്ചു കണ്ടെത്തിയതിന്റെ പേരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാദത്തിലാകുമ്പോൾ സ്വന്തം പണം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ച് ഹീറോ ആകുകയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാക്. ഒരു ലേബർ പാർട്ടി അംഗം പാർലമെന്റിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായി ട്രഷറി മന്ത്രി കെമി ബാഡെനൊക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവ് കൂടിയായ ഋഷി, ബോറിസ് ജോൺസനേക്കാൾ ധനികനാണെന്നത് മറ്റൊരു വാസ്തവം.

മുൻ ഹെഡ്ജ് ഫണ്ട് പാർട്നർ കൂടിയായ ഋഷി, തന്റെ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ മുകളിലുള്ള ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. ഈ വസതിയാണ്അദ്ദേഹം മോടിപിടിപ്പിച്ചത്. കഴിഞ്ഞവർഷമാണ് ചാൻസലർ ഗൃഹം മോടിപിടിപ്പിച്ചതെന്നും അത് പൂർണ്ണമായും അദ്ദേഹത്തിന്റെ സ്വന്തം പണം കൊണ്ടാണെന്നും ട്രഷറി മിനിസ്റ്റർ പാർലമെന്റിൽ പറഞ്ഞു.

നേരത്തേ തന്റെ കാമുകിയായ സിമ്മണ്ട്സിന്റെ ആവശ്യപ്രകാരം ബോറിസ് ജോൺസൺ തന്റെ വസതി മോടിപിടിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനുള്ള പണം സർക്കാർ ഖജനാവിൽ നിന്നും അനുവദിക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്നാണ് ഇക്കാര്യം വിവാദമായത്. തുടർന്ന് ബോറിസ് ജോൺസൺ, കൺസർവേറ്റീവ് പാർട്ടിക്ക് സാമ്പത്തിക പിന്തുണ നൽകുന്ന അനുയായികളുടെ സഹായം തേടുകയായിരുന്നു. ഇതും വിവാദത്തിൽ കലാശിച്ചിരുന്നു. ബോറിസ് ജോൺസൺ രാജിവയ്ക്കണം എന്ന ആവശ്യം പോലും ഉയർന്നിരുന്നു.