മുംബൈ: ബോളിവുഡ് താരം റിയ ചക്രബർത്തി മടങ്ങിവരവിനൊരുങ്ങുന്നു.സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം നടന്ന അറസ്റ്റുൾപ്പടെ റിയയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ല 2020.എന്നാലിപ്പോൾ പ്രതിസന്ധിക്കൊടുവിൽ റിയ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.റിയയുടെ മടക്കം എന്നാൽ ബോളിവുഡിലേക്കല്ലെന്നും ഹോളിവുഡിലേക്കാണെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജൻസികൾ റിയയുമായി ചർച്ചയിലാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.മൂന്ന് അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജൻസികളാണ് റിയയുമായി ചർച്ച നടത്തിയത്. നിലവിൽ താരം ഏത് ഏജൻസി തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എവിടെ നിന്ന് ആദ്യം സിനിമ ലഭിക്കുന്നോ അത് തിരഞ്ഞെടുക്കാനാണ് താരത്തിന്റെ തീരുമാനം. ജോലി തന്നെയാണ് റിയക്ക് പ്രധാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഛെഹരേ എന്ന ബോളിവുഡ് ചിത്രമാണ് റിയ സുശാന്തിന്റെ മരണത്തെ തുടർന്നുള്ള വിവാദങ്ങൾക്ക് മുമ്പ് ചെയ്തത്. ചിത്രത്തിൽ അമിതാബ് ബച്ചൻ, ഇമ്രാൻ ഹഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ ഛെഹരെയുടെ പോസ്റ്ററിൽ അണിയറ പ്രവർത്തകർ റിയയെ ഉൾപ്പെടുത്താഞ്ഞത് വാർത്തയായിരുന്നു. കഴിഞ്ഞ വർഷം നടന്ന അറസ്റ്റിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തിൽ ബോളിവുഡിൽ നിന്നും റിയക്ക് പുതിയ ചിത്രങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.