തിരുവനന്തപുരം: കോർപ്പറേഷൻ പുതിയതായി നിർമ്മിക്കുന്ന റോഡിന്റെ വശത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം കൂടി കയ്യേറി ടാർ ചെയ്തെന്ന് പരാതി. മണ്ണന്തല സൂരി സുബ്രഹ്മണ്യനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

റോഡ് നിർമ്മാണത്തിനെതിരെ കോടതിയെ സമീപിച്ച് ഇൻജക്ഷൻ ഓർഡർ വാങ്ങിയപ്പോൾ വാർഡ് കൗൺസിലറുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ രാജേന്ദ്രബാബുവും ആ റോഡിന് സമീപം റിയൽ എസ്റ്റേറ്റ് പ്ലോട്ട് നിർമ്മിക്കുന്നയാളും ചേർന്ന് വീട്ടിലെത്തി വഴക്കുണ്ടാക്കിയെന്നും സൂരി സുബ്രഹ്മണ്യൻ പറയുന്നു. ഈ സമയം സൂരി സുബ്രഹ്മണ്യൻ വീട്ടിലില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജനറൽ മാനേജരായ ഷൈൻ അവിടെയെത്തുകയും അയാളെ രാജേന്ദ്രബാബു മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.

അന്ന് റോഡ് ടാറിങ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് പോയതിന് ശേഷം അവർ ബാക്കിയുള്ള ഭാഗം കൂടി ടാർ ചെയ്ത് പൂർത്തിയാക്കിയെന്നും സൂരി സുബ്രഹ്മണ്യൻ പരാതിപ്പെടുന്നു. ഈ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ സഹിതമാണ് സൂരി സുബ്രഹ്മണ്യൻ പരാതിനൽകിയിരിക്കുന്നത്.

പരാതിയിൽ രാജേന്ദ്ര ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്തെങ്കലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. നഗരസഭ മുൻ കൗൺസിലർ കൂടിയാണ് രാജേന്ദ്രബാബു. കോർപ്പറേഷൻ റോഡിന്റെ അറ്റകുറ്റപ്പണി തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒത്തുതീർപ്പാക്കാൻ എത്തിയതാണ് രാജേന്ദ്രബാബു എന്നാണ് മണ്ണന്തല പൊലീസിന്റെ വിശദീകരണം. മർദ്ദിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ലെന്നും അതേസമയം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.