ദുബായ്: ഈ ഒരു സീസണിലെ പ്രകടനം മോശമായതുകൊണ്ടു മാത്രം കഴിഞ്ഞ ഏതാനും സീസണുകളിലായി മുംബൈ ഇന്ത്യൻസ് നേടിയ വിജയങ്ങളുടെയും കിരീടങ്ങളുടെയും തിളക്കം കുറയുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിച്ചു.

ഐപിഎൽ 14ാം സീസണിൽ പ്ലേഓഫിലെത്താനാകാതെ രോഹിത്തും സംഘവും പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ടൂർണമെന്റിലുടനീളം ടീമംഗങ്ങൾ പുറത്തെടുത്ത മികച്ച പ്രകടനത്തെ രോഹിത് പുകഴ്‌ത്തി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് രോഹിത്തിന്റെ പ്രതികരണം.

'കയറ്റിറക്കങ്ങളും ഒട്ടേറെ പാഠങ്ങളും സമ്മാനിച്ച ഒരു സീസണാണ് അവസാനിക്കുന്നത്. പക്ഷേ, ഈ സീസണിലെ 14 മത്സരങ്ങൾക്ക് കഴിഞ്ഞ 23 സീസണുകളിലായി നമ്മൾ നേടിയ വിജയങ്ങളുടെയും കിരീടങ്ങളുടെയും തിളക്കം കെടുത്താനാകില്ല. മുംബൈയുടെ നീല ജഴ്‌സിയണിഞ്ഞ ഓരോ കളിക്കാരനും കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടെക്കെയാണ് നാം ഇപ്പോഴത്തെ ഈ ടീമായി തുടരുന്നതും. ഒറ്റ കുടുംബം, മുംബൈ ഇന്ത്യൻസ്' രോഹിത് ട്വിറ്ററിൽ എഴുതി.

 

ഇത്തവണ ആകെ കളിച്ച 14 മത്സരങ്ങളിൽനിന്ന് ഏഴു വീതം ജയവുൂം തോൽവിയും സഹിതം 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ സൺറൈസേഴ്‌സിനെ 171 റൺസിനു തോൽപ്പിച്ചാൽ മാത്രം പ്ലേഓഫ് സാധ്യതയുണ്ടായിരുന്ന മുംബൈയ്ക്ക്, ആ മത്സരം ജയിച്ചെങ്കിലും മുന്നേറാനായില്ല.

ഇന്ത്യയിൽ നടന്ന ആദ്യഘട്ടത്തിൽ ഏഴിൽ 4 മത്സരങ്ങൾ ജയിച്ച് ടോപ് ഗീയറിൽ കുതിക്കുകയായിരുന്ന മുംബൈ പക്ഷേ, യുഎഇയിൽ തുടങ്ങിയ 2ാം ഘട്ടത്തിൽ റിവേഴ്‌സ് ഗീയറിലായി. അവസാന മത്സരത്തിലൊഴികെ ഇഷാൻ കിഷനും സൂര്യകുമാർ യാദവും നിരാശപ്പെടുത്തിയതും ക്വിന്റൻ ഡികോക്കിനു പൊട്ടിത്തെറിക്കുന്ന തുടക്കം നൽകാനാവാതെ പോയതും മുംബൈയെ പിന്നോട്ടടിച്ചു.

ഒരൊറ്റ മത്സരത്തിലൊഴികെ ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിൽ തികഞ്ഞ പരാജയമായി. ഒരൊറ്റ പന്തുപോലും എറിഞ്ഞതുമില്ല. വിശ്വസ്ത പേസർ ട്രെന്റ് ബോൾട്ടിനു പവർപ്ലേകളിൽ ഭീതി വിതയ്ക്കാനായില്ല. ക്രുണാൽ പാണ്ഡ്യയും നിറംമങ്ങി. ഇതോടെയാണ് ടീം പ്ലേഓഫിലെത്താതെ പുറത്തായത്.