ദുബായ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് രവി ശാസ്ത്രി. തങ്ങളുടെ ബാറ്റ് സമ്മാനമായി നൽകിയാണ് വിരാട് കോലിയും രോഹിത് ശർമയും രവി ശാസ്ത്രിക്ക് യാത്രയയപ്പ് ഒരുക്കിയത്. ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ. ശ്രീധറും സ്ഥാനമൊഴിഞ്ഞിരുന്നു.

ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസീലൻഡിനോടും തോറ്റതോടെ ഇന്ത്യയ്ക്ക് ടൂർണമെന്റിന്റെ സെമിയിൽ കടക്കാൻ സാധിച്ചിരുന്നില്ല. ശാസ്ത്രി ലോകകപ്പോടെ സ്ഥാനമൊഴിയുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. രാഹുൽ ദ്രാവിഡിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.

ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിനു ശേഷം ഡ്രസ്സിങ് റൂമിൽ ഒത്തുചേർന്നപ്പോഴാണ് ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റുകൾ സമ്മാനിച്ചത്. ഈ ബാറ്റുകളുമായി ശാസ്ത്രി പരിശീലക സംഘത്തിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

 

ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന അവസാന ടൂർണമെന്റിന് ശേഷം ശാസ്ത്രിക്ക് കോലിയും രോഹിത്തും തങ്ങളുടെ ബാറ്റ് സമ്മാനമായി നൽകി യാത്രയയപ്പ് ഒരുക്കിയത്. 2017 മുതൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ ശാസ്ത്രിയുടെ കീഴിൽ ഓസ്ട്രേലിയൻ മണ്ണിലടക്കം ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഈ ലോകകപ്പ് തുടങ്ങുമ്പോൾ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടത് ഇന്ത്യയ്ക്കായിരുന്നു. അടുത്തകാലത്ത് ട്വന്റി 20 ഫോർമാറ്റിൽ ഇത്രയേറെ ശോഭിച്ച മറ്റൊരു ടീം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ന്യൂസീലൻഡിലും ടീം പരമ്പരകൾ നേടി. ടീമിൽ അങ്ങോളമിങ്ങോളം ട്വന്റി 20 സ്പെഷ്യലിസ്റ്റുകളും ഉണ്ടായിരുന്നു. അത്തരമൊരു ടീമാണ് ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ മടങ്ങിയത്. 2012-ന് ശേഷം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താകുന്നത് ആദ്യമായിരുന്നു.

ലോകകപ്പിലെ പുറത്താകലിനു ശേഷം പ്രമുഖർ അടക്കം വിലയിരുത്തിയത് പോലെ ഒന്നോ രണ്ടോ മോശം മത്സരങ്ങൾ കൊണ്ട് ഈ ഇന്ത്യൻ ടീമിനെ വിലയിരുത്താനാകില്ല. കോലിയുടെയും ശാസ്ത്രിയുടെയും നേതൃത്വത്തിൽ ടീം എത്തിപ്പിടിച്ച നേട്ടങ്ങൾ അത്രയ്ക്ക് അധികമാണ്. ടീം തോൽവിയിൽ പതറിയപ്പോൾ മനപ്പൂർവം മറുന്നു എന്നതാണ് യാഥാർത്ഥ്യം.

ഒരു ഐ.സി.സി. ട്രോഫിയുടെ അഭാവം കോലി-ശാസ്ത്രി യുഗത്തിലെ ബ്ലാക്ക് മാർക്ക് ആണെങ്കിലും ഇരുവരുടെയും കീഴിൽ ടീം എത്തിപ്പിടിച്ച നേട്ടങ്ങൾ എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. ഇവർക്കു കീഴിൽ ടെസ്റ്റിൽ 43 മത്സരങ്ങളിൽ 25ഉം, 64 ട്വന്റി 20 മത്സരങ്ങളിൽ 42ഉം, 183 ഏകദിനങ്ങളിൽ 118ഉം ജയം നേടാൻ ഇന്ത്യയ്ക്കായിരുന്നു.

ഇന്ത്യൻ ടീം അത്ര സുഖകരമല്ലാത്ത ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശാസ്ത്രിക്ക് ടീമിന്റെ ചുമതല ലഭിക്കുന്നത്. 2017-ൽ അന്നത്തെ പരിശീലകനായിരുന്ന അനിൽ കുംബ്ലെയും കോലിയും തമ്മിലുള്ള ബന്ധം വഷളായ സമയം. കുംബ്ലെയുടെ രീതികൾക്കെതിരേ കോലി പരസ്യമായി രംഗത്ത് വരികയും ടീമിൽ ഒന്നടങ്കം ഒരു മോശമായ അന്തരീക്ഷം കടന്നുവരികയും ചെയ്ത കാലമായിരുന്നു അത്.



2017-ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിനു ശേഷം അപ്രതീക്ഷിതമായാണ് കുംബ്ലെയ്ക്ക് സ്ഥാനചലനമുണ്ടാകുന്നത്. പോകുന്നതിനു മുമ്പ് കോലിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം ടീം വിട്ടത്.

ടീമിലെ അന്തരീക്ഷം പ്രക്ഷുബ്ധമായ ഈ അവസരത്തിലാണ് ശാസ്ത്രി ടീമിന്റെ ഭാഗമാകുന്നത്. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശക സമിതി കോലിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഈ തീരുമാനത്തിലേക്കെത്തുന്നത്.

അതിനു മുമ്പ് 2014 മുതൽ 2016 വരെ ശാസ്ത്രി ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി ഒപ്പമുണ്ടായിരുന്നു. 2014-ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ കോലി ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുവടുവെയ്ക്കുമ്പോൾ ശാസ്ത്രി ഒപ്പമുണ്ടായിരുന്നു. അഡ്ലെയ്ഡിൽ നടന്ന ആ ടെസ്റ്റിൽ ക്യാപ്റ്റൻ എം.എസ് ധോനിയുടെ അഭാവത്തിലായിരുന്നു കോലി നായകസ്ഥാനം ഏറ്റെടുത്തത്.

അന്ന് ഓസീസിനെ ഞെട്ടിച്ച ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ദിനം ഓസീസ് ഉയർത്തിയ 364 റൺസ് ചേസ് ചെയ്ത ഇന്ത്യ, മുരളി വിജയിയുടെ 99 റൺസ്, കോലിയുടെ 141 റൺസ് ഇന്നിങ്സുകളുടെ ബലത്തിൽ ഓസീസിനെ വിറപ്പിച്ച ശേഷമാണ് 48 റൺസിന്റെ തോൽവി വഴങ്ങിയത്.

2018 നും 2021 നും ഇടയ്ക്ക് ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് ലോകത്തെ തന്നെ വമ്പൻ ശക്തിയാക്കി മാറ്റാൻ കോലിക്കും ശാസ്ത്രിക്കും സാധിച്ചു. വിദേശമണ്ണിൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യ പ്രാപ്തരായതും എണ്ണം പറഞ്ഞ മികച്ച ഫാസ്റ്റ് ബൗളർമാരുടെ സംഘമായി ഇന്ത്യ ടീം ഉയരുന്നതും ഈ കാലഘട്ടത്തിലായിരുന്നു.

ഓസീസ് മണ്ണിൽ ഇന്ത്യ 2018-19 സീസണിലെ ടെസ്റ്റ് പരമ്പര ജയിച്ചുകയറി. ലോകത്തിലെ തന്നെ മികച്ച പര്യടന ടീമുകളിലൊന്നായി ഇന്ത്യ ഉയരുകയായിരുന്നു. ഏത് ഘട്ടത്തിലും വിജയം പിടിച്ചുവാങ്ങാൻ ഏതറ്റംവരെയും പോകുമെന്ന തരത്തിലേക്ക് ടീം ഒന്നടങ്കം മാറി. ലോകത്തെ ഏത് പിച്ചിലും ഏത് വമ്പൻ ബാറ്റിങ് നിരയേയും വിറപ്പിക്കാൻ പോന്ന തരത്തിലേക്ക് ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് യൂണിറ്റ് ഉയർന്നു.

ഈ വർഷം ആദ്യം ഗാബയിൽ ഋഷഭ് പന്ത് ഓസീസ് ബൗളിങ് നിരയെ തരിപ്പണമാക്കി വിജയം തട്ടിയെടുക്കുമ്പോൾ ചരിത്രത്തിൽ ഇടംപിടിച്ച തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയം ഇന്ത്യ ഓസീസ് മണ്ണിൽ ആഘോഷിക്കുകയായിരുന്നു.

2018-ൽ കഴിഞ്ഞ 15 വർഷത്തിനിടെ ടീം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശ പര്യടന സംഘമെന്ന് ഈ ടീമിനെ ശാസ്ത്രി വിശേഷിപ്പിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. ടെസ്റ്റിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയപ്പോളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി ഈ സംഘത്തിന്റെ വലിയ ദുഃഖങ്ങളിൽ ഒന്നാണ്. പിന്നീട് നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ലീഡ് ചെയ്യുമ്പോഴും ആ ഫൈനൽ തോൽവി മറക്കാൻ ടീമിനായിട്ടില്ല.

2019 ലോകകപ്പിലെ സെമി ഫൈനൽ തോൽവിയും കോലി-ശാസ്ത്രി കൂട്ടുകെട്ട് മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. പ്രധാന ഐ.സി.സി. ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിൽ ടീം ഇടറുന്നത് പക്ഷേ മാറ്റിമറിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഒടുവിലിപ്പോഴിതാ ട്വന്റി 20 ലോകകപ്പിലും അതേ ദുർവിധി ഇരുവർക്കും നേരിടേണ്ടതായി വന്നു എന്നതാണ് ക്രിക്കറ്റ് ആരാധകരെ വേദനിപ്പിക്കുന്നത്.