മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. വൈസ് ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശർമ പരിക്കേറ്റ് പുറത്തായി. ഞായറാഴ്ച മുംബൈയിൽ നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെ വലതു തുടക്ക് പരിക്കേറ്റതോടെയാണ് രോഹിത് ശർമയെ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കിയത്.

ടെസ്റ്റ് പരമ്പരയിൽ രോഹിത്തിന്റെ പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ബിസിസിഐ ടീമിലുൾപ്പെടുത്തി. ഇന്നലെ മുംബൈയിൽ നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന്റെ വലതുതുടക്ക് പരിക്കേറ്റത്.

ഏകദിനങ്ങളിൽ വിരാട് കോലിക്ക് പകരം രോഹിത്തിനെ നായകനായി തിരഞ്ഞെടുത്തതിനൊപ്പം ടെസ്റ്റ് പരമ്പരയിൽ രോഹിത്തിനെ അജിങ്ക്യാ രഹാനെക്ക് പകരം വൈസ് ക്യാപ്റ്റനായും ബിസിസിഐ നിയോഗിച്ചിരുന്നു. എന്നാൽ രോഹിത് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ആരാകും ടെസ്റ്റിൽ വൈസ് ക്യാപ്റ്റനാവുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

അജിങ്ക്യാ രഹാനെയും വീണ്ടും വൈസ് ക്യാപ്റ്റനാക്കുമോ പുതിയ വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ ബിസിസിഐ തയാറായിട്ടില്ല.ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയിലും രോഹിത്തിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏകദിനങ്ങളിൽ പുതിയ നായകനെ ബിസിസിഐ തിരഞ്ഞെടുക്കേണ്ടിവരും.

രോഹിത്തിന് പകരം വരുന്ന 31കാരനായ പ്രിയങ്ക് പഞ്ചാൽ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ബാറ്ററാണ്. ഇന്ത്യ എക്കായി സ്ഥിരമായി കളിക്കുന്ന പഞ്ചാൽ ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായാണ് ബാറ്റ് ചെയ്യുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 24 സെഞ്ചുറിയും 25 അഅർധസെഞ്ചുറിയും അടക്കം 7011 റൺസ് പഞ്ചാൽ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി എ ടീം ദക്ഷിണാഫ്രിക്കയിൽ നടത്തിയ പര്യടനത്തിൽ അനൗദ്യോഗിക ടെസ്റ്റിൽ പഞ്ചാൽ 96 റൺസടിച്ച് തിളങ്ങിയിരുന്നു.

ഡിസംബർ 26 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. ജനുവരി 19 മുതലാണ് മൂന്ന് മതസരങ്ങളടങ്ങിയ ഏകദിന പരമ്പര തുടങ്ങുക. പ്രിയങ്ക് പഞ്ചലിനോട് അടിയന്തരമായി മുംബയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യാൻ ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

രോഹിത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നതിനാൽ തന്നെ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കാൻ ബി സി സി ഐയോ സെലക്ടർമാരോ മുതിർന്നേക്കില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ സ്വഭാവം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.