മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ വിവാദം തുടരുമ്പോൾ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ.ടീമിന്റെ ഭാവികാഴ്‌ച്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ച രോഹിത് കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി.വിവാദങ്ങളിൽ മുൻക്യാപ്റ്റൻ വിരാട് മൗനം തുടരുമ്പോഴാണ് പ്രതികരണവുമായി രോഹിത് രംഗത്തെത്തുന്നത്.മുൻനേട്ടങ്ങളെക്കുറിച്ചല്ല എന്റെ ചിന്ത എനിയെന്ത് നേടാനാവുമെന്നാണെന്നും രോഹിത് വിശദീകരിച്ചു.

''മുൻ നേട്ടങ്ങളോ കുറിച്ചും ഏറ്റവും അവസാനം എന്ത് നേടിയ എന്നതിനെ കുറിച്ചോ ഞാൻ ചിന്തിക്കുന്നില്ല. ഇനി എന്ത് നേടാനാവും എന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത. ഭാവി കാര്യങ്ങൾക്കാണ് ശ്രദ്ധ നൽകേണ്ടത്. ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് ഞാൻ ടീമിനെ നയിച്ചിട്ടുള്ളത്. അപ്പോഴൊക്കെ അനായാസം കാര്യങ്ങളെ സമീപിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. താരങ്ങൾക്കൊപ്പുള്ള ആശയവിനിമയത്തിനാണ് ഞാൻ കൂടുതൽ ശ്രദ്ധ നൽകുന്നത്. സ്വന്തം കഴിവ് താരങ്ങൾ തിരിച്ചറിയുകയും അതനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കുകയുമാണ് വേണ്ടത്.' രോഹിത് വ്യക്തമാക്കി.

കോലിയെക്കുറിച്ചും രോഹിത് വാചാലനായി. കോലിക്ക് കീഴിലുള്ള ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നാണ് രോഹിത് പറയുന്നത്. ''കോലി അഞ്ച് വർഷം മുന്നിൽ നിന്ന് നയിച്ചു. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ഇപ്പോഴും അദ്ദേഹത്തോടൊപ്പം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മത്സരങ്ങളും ജയിക്കാനുള്ള വ്യക്തമായ ബോധ്യവും ധാരണയും നിശ്ചയദാർഢ്യവും ടീമിനുണ്ടായിരുന്നു.ടീമിന് മുഴുവൻ നൽകിയിരുന്ന സന്ദേശവും അതായിരുന്നു.'' രോഹിത് വ്യക്തമാക്കി.

അതേസമയം വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. പല ഭാഗത്ത് നിന്ന് ഇപ്പോഴും മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. നായകസ്ഥാനം നഷ്ടമായതിനെ കുറിച്ച് കോലി ഒന്നും സംസാരിച്ചിട്ടില്ലെന്നുള്ള മറ്റൊരു കാര്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാവട്ടെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ കാരണത്തെ കുറിച്ചും വിശദീകരിച്ചുകഴിഞ്ഞു.

രോഹിത് ഏകദിന നായകസ്ഥാനും ഏറ്റെടുത്ത ശേഷം ആദ്യം നേരിടുന്നത് ദക്ഷിണാഫ്രിക്കയെയാണ്. മൂന്ന് മത്സരങ്ങളാണ് അവർക്കെതിരെ കളിക്കുക. രോഹിത്തിന് കീഴിൽ കോലി കളിക്കുന്ന ഔദ്യോഗിക മത്സവവും ഇതായിരിക്കും. നേരത്തെ ടി20 നായകസ്ഥാനത്ത് നിന്ന് കോലി മാറിയിരിരുന്നു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിത് നയിച്ചെങ്കിലും കോലി കളിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം താരം വിശ്രമത്തിലായിരുന്നു.