മാഞ്ചസ്റ്റർ: പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല. സിറ്റിയുടെ എതിരാളികളും തന്റെ പഴയ തട്ടകവുമായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തന്നെ റൊണാൾഡോ തിരികെയെത്തുമെന്നാണ് സൂചന.റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡസ് യുനൈറ്റഡ് അധികൃതരുമായി ചർച്ച നടത്തിയെന്നും വൈകാതെ റൊണാൾഡോ യുനൈറ്റഡിൽ മടങ്ങിയെത്തുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

റൊണാൾഡോ സിറ്റിയിലേക്ക് വരുന്നകാര്യം സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തതോടെ റൊണാൾഡോ ടീമെലെത്തുന്ന കാര്യം സംശയമാണെന്നായിരുന്നു ആഴ്സണലിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഗ്വാർഡിയോളയുടെ പ്രതികരണം.

റൊണാൾഡോ നിലവിൽ യുവന്റസ് താരമാണെന്നും അതിൽക്കൂടുതൽ ഒന്നും പറയാനില്ലെന്നും പറഞ്ഞ ഗ്വാർഡിയോള ട്രാൻസ്ഫർ ജാലകം തീരാൻ മൂന്നോ നാലോ ദിവസം ബാക്കിയുണ്ടെന്നതിനാൽ എന്തും സംഭവിക്കാമെന്നും വ്യക്തമാക്കി. അതേസമയം റൊണാൾഡോ ടീമിലെത്താനുള്ള സാധ്യത യുനൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ തള്ളിക്കളഞ്ഞതുമില്ല. യുവന്റസ് വിടുകയാണെങ്കിൽ റൊണാൾഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ യുനൈറ്റഡ് തയാറാണെന്ന് സോൾഷ്യർ പറഞ്ഞു. റൊണാൾഡോ യുനൈറ്റഡിന്റെ ഇതിഹാസ താരമാണെന്നും സോൾഷ്യർ വ്യക്തമാക്കി.

2003ൽ സ്പോർട്ടിങ് ക്ലബ്ബിൽ നിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ റൊണാൾഡോ 2009വരെ ക്ലബ്ബിൽ തുടർന്നു. 2009ൽ റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് റയലിലേക്ക് പോയ റൊണാൾഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്. അതേസമയം, റൊണാൾഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തിൽ ഇറ്റലി വിട്ടതായും റിപ്പോർട്ടുകളുണ്ട്.