കൊണ്ടോട്ടി: മികച്ചൊരു വിദ്യാഭ്യാസം നേടി ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ പോയി അവിടുത്ത് പൗരത്വം നേടി ജീവിക്കുക എന്ന ആഗ്രഹം വെച്ചുപുലർത്തുന്ന വലിയൊരു തലമുറ തന്നെ ഇവിടെയുണ്ട്. ഒരിക്കൽ വിദേശ രാജ്യത്തെ പൗരത്വം കിട്ടിയാൽ പിന്നെ അത് ഉപേക്ഷിക്കാൻ അധികമാരും തയ്യാറല്ല താനും. എന്നാൽ, ഇത്തരക്കാർക്കിടയിൽ തീർത്തും വ്യത്യസ്തരായി. ജന്മനാ ലഭിച്ച അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു ഇന്ത്യൻ പൗരത്വം സ്വീകരിച്ചു പുതിയൊരു മാതൃക തീർക്കുകയാണ് കൊണ്ടോട്ടിയിലെ ഒരു കുടുംബം.

അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യൻ പൗരത്വം നേടുകയെന്ന റോഷൻ മുഹമ്മദിന്റെ സ്വപ്‌നം സഫലമാകാൻ വേണ്ടി കാത്തിരുന്നത് നാല് വർഷമാണ്. പട്ടാമ്പി വല്ലപ്പുഴ സ്വദേശി കൊടക്കാടൻ ഷാഹുൽ ഹമീദിന്റെയും കൊണ്ടോട്ടി മുസല്യാരങ്ങാടി നാനാക്കൽ ഷഹാനയുടെയും മകനാണ് റോഷൻ മുഹമ്മദ് (17). അമേരിക്കൻ പൗരനായിരുന്ന റോഷന്റെ ജ്യേഷ്ഠൻ ഇർഫാൻ അഹമ്മദിനു (21) 2017ൽ ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു. റോഷന്റെ ഇന്ത്യൻ പൗരത്വവും അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നു രേഖ ലഭിച്ച സന്തോഷത്തിലാണു ഈ കുടുംബം.

അമേരിക്കയിൽ സോഫ്റ്റ്‌വെയർ കമ്പനിയിലാണു ഷാഹുൽ ഹമീദ്. ഷഹാനയ്ക്കും അമേരിക്കയിൽ ജോലി ലഭിച്ചതോടെ കുടുംബം അവിടെ താമസമാക്കുകയായിരുന്നു. ഇതോടെ മക്കളുടെ ജനനവും അമേരിക്കയിലായി. ഇർഫാനും റോഷനും അവിടെ ജനച്ചു വളർന്നതോടെ അമേരിക്കയിലവെ പൗരന്മാരായി. പിന്നീട് ഷാഹുൽ ഹമീദിനും അമേരിക്കൻ പൗരത്വം ലഭിച്ചു. ഇതിനിടെയാണ് മക്കളുടെ പഠനവും താമസവും ഇന്ത്യയിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഇതോടെ 2012ൽ ഷഹാനയും മക്കളും ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു.

ഷഹാനയ്ക്ക് ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ലഭിച്ചതോടെ മക്കളുടെ പഠനവും ബെംഗളൂരുവിലാക്കി. പിന്നീടാണ് ഇർഫാന്റെയും റോഷന്റെയും ഇന്ത്യൻ പൗരത്വത്തിനു വേണ്ടി അപേക്ഷ നൽകിയത്. ഇർഫാന് 2017ൽ ഇന്ത്യൻ പൗരത്വം ലഭിച്ചു. അന്ന് കലക്ടറായിരുന്ന അമിത് മീണയാണ് അന്നു രേഖകൾ കൈമാറിയത്. റോഷന് പതിമൂന്നാം വയസ്സിലാണ് പൗരത്വത്തിനായി അപേക്ഷ നൽകിയത്. പ്രായം കുറവായതും മാതാപിതാക്കളിൽ ഒരാൾക്ക് അമേരിക്കൻ പൗരത്വമുണ്ട് എന്നതും നടപടികൾ വൈകാനിടയാക്കി.

തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇന്ത്യയിലെ നടപടികൾ വേഗത്തിലാക്കിയത്. പ്രായം കുറവായതിനാലും മറ്റും നടപടിക്രമങ്ങൾ ഏറെയായിരുന്നുവെന്നും ഇത്തരം കേസ് അപൂർവമാണെന്നും കുടുംബത്തിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ പ്രദീപ് കുമാർ ജോൺ പറഞ്ഞു. ഛത്തീസ്‌ഗഡിൽ ഐഐടി വിദ്യാർത്ഥിയാണിപ്പോൾ ഇർഫാൻ. റോഷൻ കോട്ടയത്ത് മാന്നാനം കെ.ഇ. സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയും.