കൊല്ലം: രണ്ട് നിയമസഭകളിൽ തുടർച്ചയായി ആർ എസ് പിക്ക് പ്രതിനിധികളില്ല. എന്തുവന്നാലും ഇത്തവണ ചവറയിൽ ജയിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിനൊപ്പം കുന്നത്തൂരിലും അതിശക്തമായ മത്സരം നടത്തി. പക്ഷേ ജയിച്ചില്ല. ഇരവിപുരത്തും ആറ്റിങ്ങലിലും പ്രതീക്ഷിച്ച വോട്ടു പോലും കിട്ടിയില്ല. കൊല്ലത്ത് എംപിയുള്ള ആർ എസ് പി അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധിയയെയാണ് നേരിടുന്നത്. ഇതാണ് ചവറയിൽ മത്സരിച്ച് തോറ്റ ഷിബു ബേബി ജോണിന്റെ അവധി എടുക്കലിലും ചർച്ചയാകുന്നത്. ആർ എസ് പി രാഷ്ട്രീയത്തിൽ നിന്നും കുറച്ചു കാലം വിട്ടു നിൽക്കാനാണ് ഷിബുവിന്റെ തീരുമാനം.

എഎ അസീസാണ് ഇന്ന് ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറി. ഇരവിപുരത്തെ മുൻ എംഎൽഎയായ അസീസ് ഏറെ ആഗ്രഹത്തോടെ ചോദിച്ചു വാങ്ങിയതാണ് സെക്രട്ടറി കസേര. അന്നുമുതൽ പാർട്ടിയുടെ വളർച്ചയുടെ ഗ്രാഫ് താഴോട്ടാണ്. കൊല്ലം എംപിയായി രണ്ടു തവണ പ്രേമചന്ദ്രൻ ജയിച്ചതിന് പിന്നിൽ സംഘടനാ കരുത്തിന് അപ്പുറം വ്യക്തിപരമായ മികവാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ മൂന്ന് സീറ്റിലും തുടർച്ചയായി രണ്ടാം തോൽവി ആർഎസ്‌പി ഏറ്റുവാങ്ങുകയാണ്. ആർ എസ് പിയിൽ നിന്ന് പിളർന്നുമാറിയ കോവൂർ കുഞ്ഞൂമോനെ പോലും തോൽപ്പിക്കാൻ കഴിയാത്ത അവസ്ഥ.

അസീസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കരുത്തനായ വ്യക്തി എത്തിയാൽ മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാനാകൂവെന്ന വികാരം ശക്തമാണ്. എന്നാൽ അസീസ് അതിന് തയ്യാറാകുന്നില്ല. ബാബു ദിവാകരനെ പോലുള്ള പഴയ നേതാക്കൾ പാർട്ടിയിൽ തിരിച്ചെത്തിയിട്ടും കൊല്ലത്തു പോലും സംഘടനാ സംവിധാനം ശക്തിപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തര ഇടെപടലുകൾ എൻകെ പ്രേമചന്ദ്രൻ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. അതിശക്തമായ സംഘടനാ ഇടപെടലുകളാണ് പാർട്ടി അണികളും ആഗ്രഹിക്കുന്നത്. ആരേയും പിണക്കാൻ ആഗ്രഹിക്കാത്ത പ്രേമചന്ദ്രൻ ഇത്തരം ശക്തമായ നീക്കങ്ങൾക്ക് തയ്യാറാകുമോ എന്നും സംശയമുണ്ട്.

പ്രേമചന്ദ്രനും ഷിബു ബേബി ജോണുമാണ് പ്രധാനികൾ. ഇതിൽ ഷിബു പാർട്ടിയിൽ നിന്ന് അവധി എടുക്കുന്നു. കുറച്ച് വ്യക്തിപരമായ പ്രശ്‌നങ്ങൾ ഷിബു അഭിമുഖീകരിക്കുന്നുണ്ട്. ഇതിൽ നിന്ന് കരകയറുകയാണ് ഷിബുവിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് അവധി എടുക്കലെന്ന് ഷിബു പറയുന്നു. എന്നാൽ ഷിബുവിനെ പോലൊരാൾ മാറി നിൽക്കുന്നത് ആർ എസ് പിയെ കൂടുതൽ ദുർബ്ബലമാക്കുമെന്ന വാദം സജീവമാണ്. അതുകൊണ്ട് അതിവേഗം സംഘടനയിൽ തിരിച്ചെത്താനുള്ള സമ്മർദ്ദവും ഷിബു ബേബി ജോണിൽ അണികൾ തുടരും. പാർട്ടിയിൽനിന്ന് താൻ അവധിയെടുത്തത് വ്യക്തിപരമായ കാര്യങ്ങൾക്കാണെന്നും പാർട്ടി അവധി അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനാ രംഗത്ത് നേതൃനിരയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അവധിയായി കാണണമെന്നും പാർട്ടി സമിതിയോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചുവെന്നുള്ള വ്യാഖ്യാനം തെറ്റാണ്. എന്നും ഒരു ആർഎസ്‌പിക്കാരനായി തന്നെ ഉണ്ടാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്‌പി ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തിൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനവും എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം എന്റെ വ്യക്തിപരമായ കാര്യങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടി കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് ലീവെടുത്തത്. ചവറയിൽ രാഷ്ട്രീയത്തിനതീതമായ അരാഷ്ട്രീയ കാര്യങ്ങളും തന്റെ തോൽവിയിൽ ഘടകമായി. ഓരോ പ്രദേശത്തും രാഷ്ട്രീയ കരുത്തിനനുസരിച്ചുള്ള വോട്ടുണ്ടായിരുന്നു. ചില സമുദായങ്ങൾക്ക് പലരീതിയിലുള്ള വികാരങ്ങളുണ്ടായി. പണ്ട് രാഷ്ട്രീയം അനുസരിച്ചായിരുന്നു വോട്ടെങ്കിൽ ഇന്ന് ഓരോ സമുദായം അനുസരിച്ചുള്ള വോട്ടിലേക്ക് മാറിയിട്ടുണ്ട്. പ്രാഥമികമായി എന്റെ തോൽവിക്ക് കാരണം അതാണെന്ന് തോന്നുന്നു-ഷിബു ബേബി ജോൺ പറയുന്നു.

കോൺഗ്രസിന്റേയും ആർഎസ്‌പിയുടേയും അനുഭാവികൾ മാറി വോട്ട് ചെയ്തിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. അത് ഏതെങ്കിലും നേതാക്കളുടെ നിർദേശമായി കാണുന്നില്ല. അത്തരമൊരു നിഗമനമില്ല. വിശ്വാസമർപ്പിച്ചിരുന്ന അനുഭാവികളായ സമൂഹത്തിനെ ചേർത്ത് പിടിക്കാനായില്ല. 2015-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കടന്നുവരവോട് കൂടി സംസ്ഥാന രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചു. പണ്ട് രാഷ്ട്രീയം വച്ചായിരുന്നു ആളുകളെ അടയാളപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് ജനിച്ച സമുദായം വച്ചാണ് നോക്കുന്നത്. കേരളത്തിന്റെ നമ്മൾ അഭിമാനിച്ചിരുന്ന രാഷ്ട്രീയ പൈതൃകം നഷ്ടപ്പെട്ടുപോയി എന്നാണ് അനുമാനിക്കുന്നത്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സ്വാധീനം കടന്നുവരുന്ന കാഴ്ചയുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

കോൺഗ്രസ് ഗൗരവമായി ചില കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീരുമാനങ്ങൾ തെറ്റോ ശരിയോ എന്ന് കാലം തെളിയക്കട്ടെ. സമയബന്ധിതമായി തീരുമാനങ്ങളുണ്ടാകണം. തീരുമാനം എടുത്താൽ അതിൽ ഉറച്ച് നിൽക്കുക. ഇവിടെ എല്ലാ കാര്യത്തിലും ഉണ്ടായത് തീരുമാനമെടുക്കാനുള്ള താമസമാണ്. മറുഭാഗത്ത് കാര്യങ്ങൾ ചിട്ടയായി പോകുമ്പോൾ ജനങ്ങൾക്ക് അവമതിപ്പുണ്ടാകും. ഒരു അച്ചടക്കം വേണം. അതാണ് പുതിയ തലമുറ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ബിജെപിയുടെ കടന്നുവരവോട് കൂടി കേരളത്തിലെ രാഷ്ട്രീയഘടന മാറിയെന്ന് തിരിച്ചറിയേണ്ടതുണ്ട്. വർഗീയ ധ്രുവീകരണം ഓരോ വിഭാഗത്തിലും എങ്ങനെ ഉണ്ടാക്കാമെന്നാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.