താണെ: ടിവി അഭിമുഖത്തിനിടെ ആർ.എസ്.എസിനെ താലിബാനുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പാരാമർശത്തിൽ കവിയും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന് താനെ കോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആർ.എസ്.എസ് പ്രവർത്തകന്റെ പരാതിയിലാണ് നടപടി.

സംഘടനയെ അപമാനിക്കാനും ആർഎസ്എസിൽ ചേർന്ന ആളുകളെ നിരുത്സാഹപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിതമായ പരാമർശമാണ് ജാവേദ് അക്തർ നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. കാരണംകാണിക്കൽ നോട്ടീസിന് നവംബർ 12-ന് അകം മറുപടി നൽകണമെന്നാണ് താനെയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ആർഎസ്എസിന്റെ ലക്ഷ്യവും താലിബാന്റെ ലക്ഷ്യവും സമാനമാണെന്നായിരുന്നു ടിവി അഭിമുഖത്തിനിടെ ജാവേദ് അക്തറിന്റെ പരാമർശം. താലിബാന് ഇസ്ലാമിക രാഷ്ട്രമാണ് വേണ്ടതെങ്കിൽ മറ്റ് ചിലർക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു.

താലിബാനെ പിന്തുണക്കുന്നവരുടെയും ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്‌രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണെന്ന് ജാവേദ് അക്തർ പറഞ്ഞു.

എന്നാൽ, തന്റെ പ്രസ്താവനയ്ക്ക് ജാവേദ് അക്തർ തെളിവ് നൽകണമെന്നും അല്ലാത്തപക്ഷം അപകീർത്തികരമായ പരാമർശം നടത്തിയതിന് നഷ്ടപരിഹാരം നൽകണമെന്നും ആർഎസ്എസ് പ്രവർത്തകൻ വിവേക് ചമ്പനേർകർ പരാതിയിൽ ആവശ്യപ്പെട്ടു.