ബെംഗളൂരു: കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും കർണാടക കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് (ആർടിപിസിആർ) നിർബന്ധമാക്കി. 2 ഡോസ് വാക്‌സീൻ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിർത്തി കടക്കാനാകൂ. സ്വകാര്യ വാഹനങ്ങൾ, ബസ്, ട്രെയിൻ, വിമാന യാത്രികർക്കെല്ലാം നിബന്ധന ബാധകമാണ്. അതേസമയം, ദിവസേന കർണാടകയിൽ പോയി മടങ്ങുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ എടുത്ത ആർടിപിസിആർ രേഖ മതി.

2 വയസ്സിൽ താഴെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കു സർട്ടിഫിക്കറ്റ് ആവശ്യമില്ല. മരണം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്കായി കർണാടകയിൽ എത്തുന്നവരുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിക്കും. ആർടി പിസിആർ ഫലം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധന ഊർജിതമാക്കി.