കൊല്ലം: ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറയുന്നതെല്ലാം പച്ചക്കള്ളം. കേരള സമുദ്രത്തിലെ ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മന്ത്രി പറഞ്ഞ വിശദീകരണത്തിലാണ് പൊരുത്തക്കേടുകളുള്ളത്.

മേഴ്‌സിക്കുട്ടയമ്മയുടെ വിശദീകരണം കള്ളമെന്ന് തെളിയുന്ന വിവരാവകാശ രേഖകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡൻറ് വിഷ്ണു വിജയൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.അശോകൻ തന്നെ മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളയുകയാണ്.

അമേരിക്കയിൽ മൂന്നുദിവസം മാത്രമേ താൻ ഉണ്ടായിരുന്നുള്ളൂവെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നതാണ് ഈ വി്വരാവകാശ രേഖ. വിവരാവകാശ രേഖകൾ പ്രകാരം അഞ്ച് ദിവസം മന്ത്രി അമേരിക്കയിൽ സന്ദർശനം നടത്തിയെന്ന് വ്യക്തമാകുന്നത്.

ടികെഎം കോളേജുമായി ബന്ധപ്പെട്ട ഇടം പദ്ധതിയുടെ പുരസ്കാരം വാങ്ങാനാണ് അമേരിക്കയിൽ പോയത് എന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെ ഒരു പുരസ്ക്കാരം ലഭിച്ചിട്ടില്ല എന്നാണ് കോളേജ് അധികൃതരും വ്യക്തമാക്കുന്നത്. ഇതോടെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ വാദങ്ങളെല്ലാം കളവെന്ന് തെളിയുകയാണ്.

യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്റ്റിന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിൽ പോയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മൂന്ന് ദിവസം മാത്രമാണ് അമേരിക്കയിൽ പങ്കെടുത്തതെന്നും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതല്ലാതെ മറ്റാരെയും സന്ദർശിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ മന്ത്രി അഞ്ച് ദിവസം അമേരിക്കയിലുണ്ടായിരുന്നുവെന്ന് വിവരാവകാശ രേഖപ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു.

മന്ത്രിയുടെ വാദങ്ങൾ കള്ളമാണെന്ന് തെളിയിക്കുന്ന പ്രൊട്ടോക്കോൾ ഓഫീസറുടെ ഉത്തരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 2018 ഏപ്രിൽ ഏഴ് മുതൽ പതിനാല് വരെ അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവാണ് നൽകിയിട്ടുള്ളത്. ഔദ്യോഗിക സംഘത്തിന് പുറമേ മന്ത്രിയോടൊപ്പം ഭർത്താവും അമേരിക്കൻ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

 

കേരളതീരത്ത് മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയതിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെളിവുകൾ പുറത്തുവിട്ടിരുന്നു. അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഇ.എം.സി.സി. ഇന്റർനാഷണൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗ്ഗീസുമായി മേഴ്‌സിക്കുട്ടിയമ്മ ചർച്ച നടത്തുന്ന‌ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോൾ രക്ഷപ്പെടാൻ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ൽ ന്യൂയോർക്കിൽ പോയിരുന്നെങ്കിലും അത് യു.എൻ. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചർച്ച നടത്തിയില്ലെന്നുമുള്ള മേഴ്‌സിക്കുട്ടിയമ്മയുടെ വാദം. എന്നാൽ, അതും തെറ്റാണെന്ന് തെളിയുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വിവരാവകാശ രേഖ.

ആഴക്കടൽ മത്സ്യബന്ധനത്തിന്​ അമേരിക്കൻ കമ്പനിക്ക്​ അംഗീകാരം നൽകിയെന്ന ആരോപണം അസംബന്ധ​മെന്നായിരുന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് ആഴക്കടൽ ട്രോളർ ഇറക്കാനാവില്ല. ചില ഉദ്യോഗസ്ഥർക്ക് പല പൂതികളും ഉണ്ടാകും. അത് കേരളത്തിൽ നടപ്പാവില്ല - കഴിഞ്ഞ ദിവസം കൊല്ലത്ത് വാർത്താസമ്മേളനത്തിൽ​ മന്ത്രി പറഞ്ഞു.

ഇ.എം.സി.സി ട്രോളർ കരാർ ആരോപണം തെറ്റാണ്​. ന്യൂയോർക്കിൽ വച്ച് കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ടിയില്ല. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയിൽ പോയത്. അമേരിക്കയിൽ വെച്ച് വിവാദ കമ്പനിയുമായി ചർച്ച നടന്നിട്ടില്ല. ചർച്ച നടന്നതുപ്രകാരം ധാരണപത്രത്തിൽ ഒപ്പുവെച്ചുവെന്നുള്ള ആരോപണങ്ങൾ അസംബന്ധമാണ്. കേരളത്തിൽ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകൾ തന്നെ വന്നുകണ്ടിരുന്നു. സർക്കാർ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു എന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.