സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഈടാക്കിയിരുന്നത്. അത് സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയർന്നതോടെയാണ് നിരക്ക് കുറയ്ക്കാൻ സർക്കാർ നിർബന്ധിതരായത്. മറ്റ് സംസ്ഥാനങ്ങളിൽ 400 രൂപ മുതൽ ആർടിപിസിആർ ചെയ്യാൻ കഴിയുമ്പോഴായിരുന്നു കേരളത്തിൽ 1700 രൂപ ഈടാക്കിയിരുന്നത്.

ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമായതിനാലാണ് നിരക്കു കുറച്ചതെന്ന് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ.

അതെസമയം ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാൻ സ്വകാര്യ ലാബുകൾ ഇതുവരെയും തയ്യാറായിട്ടില്ല. ആർടിപിസിആർ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകൾ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.


നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകൽക്കൊള്ളയിൽ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്.