കരിപ്പൂർ: പ്രവാസികൾക്ക് ആശ്വാസമാകുന്നു.കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ കുറച്ചു. ആദ്യപടിയായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിലാണ് വിലക്കുറവ് ഉണ്ടാവുക. ഇനി മുതൽ 1580 രൂപയാണ് റാപിഡ് പി.സി.ആറിന് ഈടാക്കുക. നേരത്തേ, ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.റാപിഡ് ആർടിപിസിആർ ടെസ്റ്റിന്റെ അമിതമായ നിരക്കിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിരവധി സംഘടനകളും എംപിമാരും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് നിവേദനവും സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് നടപടി.

ഉത്തരവ് അനുസരിച്ച് പുതിയ നിരക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കി.ചൊവ്വാഴ്ച ഉച്ചക്ക് പുറപ്പെട്ട ഷാർജ വിമാനത്തിലെ യാത്രക്കാരിൽ നിന്ന് പുതുക്കിയ നിരക്കാണ് ഈടാക്കിയതെന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറഞ്ഞു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളുമായി ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.അതേസമയം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് അറിയുന്നത്.

റാപിഡ് പി.സി.ആറിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രവാസികൾക്കിടയിൽ ഉണ്ടായിരുന്നത്.കേരളത്തിൽ നിന്ന് ഏറ്റവുമധികം പ്രവാസികളുള്ള യു.എ.ഇയിലെ യാത്രക്കാരാണ് വിമാനത്താവളത്തിൽ വച്ച് റാപിഡ് പി.സി.ആർ ചെയ്യേണ്ടത്. തൊഴിൽ തേടിപ്പോകുന്നവരടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിൽ നിന്ന് 2,490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു.

യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിലാണ് റാപിഡ് പി.സി.ആർ എടുക്കേണ്ടത്. യു.എ.ഇയിലെത്തുന്ന യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന് റാപിഡ് പി.സി.ആർ ചെയ്യണമെന്നത് യു.എ.ഇ സർക്കാറിന്റെ നിയമമാണെന്നും അരമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന സാങ്കേതികത ആയതിനാലാണ് അമിത ഫീസ് ഈടാക്കുന്നതെന്നുമായിരുന്നു വിമാനത്താവളം അധികൃതരുടെ വിശദീകരണം. അന്നം തരുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അന്യരാജ്യത്ത് ഉപജീവനമാർഗം തേടി പോകുന്ന സ്വന്തം ജനങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കേണ്ടതെന്നുമായിരുന്നു പ്രവാസികളുടെ ആവശ്യം.

എയർപോർട്ട് അഥോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വിശദീകരണം. മൂന്ന് ഏജൻസികളെയാണ് റാപിഡ് പി.സി.ആറിനായി നിയോഗിച്ചിരിക്കുന്നത്. സാധാരണ ആർ.ടി.പി.സി.ആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2,490 രൂപ വാങ്ങേണ്ടി വരുന്നതെന്നാണ് ലാബുകാർ വിശദീകരിച്ചിരുന്നത്.

ലാബുകൾ വൻ തുക മുടക്കിയാണ് റാപിഡ് പി.സി.ആറിനുള്ള ഉപകരണങ്ങൾ സജ്ജമാക്കിയത് എങ്കിൽ അതിന്റെ എത്രയോ ഇരട്ടി ലാഭം ഒരാഴ്ചയിൽ നിന്ന് തന്നെ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.