ന്യൂഡൽഹി: പ്രവാസികൾക്ക് നല്കിയ ഇളവു പിൻവലിച്ചു കേന്ദ്രസർക്കാർ. അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക് യാത്ര അനുവദിക്കാനുള്ള ഇളവാണ് കേന്ദ്രം പിൻവലിച്ചത്. പുതിയ നിർദേശ പ്രകാരം നാട്ടിലേക്ക് വരാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ എയർ സുവിധയിൽ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.

ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങൾക്കോ അടിയന്തിരമായി പോകേണ്ടവർക്ക് പിസിആർ പരിശോധനയില്ലാതെ യാത്ര ചെയ്യാൻ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസർക്കാർ പുതിയ സാഹച്യത്തിൽ പിൻവലിച്ചത്. എമർജൻസി വിഭാഗത്തിൽ വിവരങ്ങൾ നൽകി ഇനി രജിസ്റ്റർ ചെയ്യാനാകില്ല. കുടുംബത്തിൽ അത്യാഹിതം നടന്നാൽ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾക്ക് ഇനി പിസിആർ ടെസ്റ്റ് എടുത്ത് റിസൾട്ട് വരുന്നത് വരെ കാത്തിരിക്കണം.

നിലവിൽ എയർ സുവിധയിൽ രജിസ്റ്റർ ചെയ്ത് 72 മണിക്കൂറിനിടെയുള്ള പിസിആർ നെഗറ്റീവ് റിസൾട്ട് അപ്പ്ലോഡ് ചെയ്താണ് പ്രവാസികൾ നാട്ടിലേക്ക് പോകുന്നത്. യുഎഇ ഒഴികെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടിയന്തിരമായി നാട്ടിൽ പോകുന്നവർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.

പല രാജ്യങ്ങളിലും പിസിആർ പരിശോധനക്ക് പല സമയമാണ് എടുക്കുന്നത്. ദുബായ് എയർ പോർട്ട് ടെർമിനൽ മൂന്നിലും ഷാർജ വിമാനത്താവളത്തിലും മൂന്ന് മണിക്കൂറിനകം പിസിആർ പരിശോധനാ ഫലം കിട്ടുമെങ്കിൽ ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ സാധാരണ ഗതിയിൽ എട്ട് മുതൽ 12 മണിക്കൂർ വരെയെങ്കിലും എടുക്കും.

ഗൾഫിൽ പല രാജ്യങ്ങളും മാസ്‌കും സാമൂഹ്യ അകലവും അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. പ്രവാസികളിൽ തന്നെ വലിയൊരു ഭാഗം ബൂസ്റ്റർ ഡോസും സ്വീകരിച്ചു. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ പ്രവാസികൾ ആശങ്കയിലാണ്.