കോട്ടയം: റബ്ബർവിപണിയിൽ നിരാശ പരത്തി വിലയിടിവ്. 182 രൂപ വരെ ഒരു കിലോഗ്രാമിന് എത്തിയ ശേഷമാണ് ആർ.എസ്.എസ്. നാലിന്റെ വില 164-ലേക്ക് കൂപ്പുകുത്തിയത്. വ്യാപാരിവിലയാണ് 164. റബ്ബർബോർഡ് വില ഒരു കിലോഗ്രാമിന് 169 ആണ്. ചൈനീസ് വിപണിയിലുണ്ടായ മാന്ദ്യമാണ് വിലയിൽ പ്രതിഫലിച്ചതെന്ന് കരുതുന്നു. ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന.

ആഗോളതലത്തിൽ വില കുറഞ്ഞതോടെ ഇന്ത്യയിലേക്ക് ഇറക്കുമതിയും കൂടിയിട്ടുണ്ട്. ഇന്ത്യയിലെ ആർ.എസ്.എസ്. നാലിന് തത്തുല്യമായ ആർ.എസ്.എസ്. 3-ന് വിദേശത്ത് വില കിലോഗ്രാമിന് 126 രൂപയാണ്. ഇറക്കുമതി ചുങ്കംകൂടി നൽകിയാലും ഒരു കിലോഗ്രാം റബ്ബർ 160 രൂപയ്ക്ക് എത്തിക്കാം. പ്രമുഖ കമ്പനികളെല്ലാം ചരക്ക് ശേഖരം കൂട്ടിയിട്ടുണ്ട്. പോയമാസംമാത്രം 45,000 ടൺ റബ്ബറാണ് ഇറക്കുമതി ചെയ്തത്.

ഓഗസ്റ്റ് അവസാനത്തോടെ വില 180 എത്തിയത് കൃഷിക്കാർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. 2013 ജൂലായിൽ 196 രൂപ കിട്ടിയതിന് ശേഷമുള്ള മെച്ചപ്പെട്ട വിലയായിരുന്നു ഇത്. റെക്കോഡ് വിലയിലേക്ക് ഇക്കുറിയും എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പതനം. ആഭ്യന്തര റബ്ബറിന്റെ ഉത്പാദനം കൂടിയതും വിലക്കുറവിന് കാരണമായിട്ടുണ്ട്. ചരക്ക് ആവശ്യത്തിന് വിപണിയിലേക്ക് എത്തുന്നതാണ് കാരണം. ചൈനീസ് വിപണിയുടെ ഉണർവാണ് നിരീക്ഷിക്കുന്നതെന്നും അതുണ്ടായാൽ മെച്ചമായ വില നിലനിർത്താൻ കഴിയുമെന്നുമാണ് റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ നിരീക്ഷിക്കുന്നത്.