ഡൽഹി: ഉക്രൈൻ അതിർത്തിയിലേക്ക് ആയിരക്കണക്കിന് സൈനികരെയും പടക്കോപ്പുകളേയും വിന്യസിച്ച് റഷ്യ. ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളെന്ന് സൂചന. ഇതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളടക്കമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്്.

വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാൻ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോ സേനയും രംഗത്തെത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കയാണ് ലോകരാജ്യങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

വലിയ സൈനിക വിന്യാസമാണ് ക്രിമിയയിലും റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറസിലും കാണാൻ സാധിക്കുന്നത്. സൈനികർക്ക് പുറമെ ആയുധങ്ങൾ, കവചങ്ങൾ, പീരങ്കികൾ എന്നിവയും സ്ഥലത്തുണ്ട്. ആയുധങ്ങളിൽ പലതും ദൂരെയുള്ള താവളങ്ങളിൽ നിന്ന് ട്രെയിനിൽ കയറ്റിയാണ് എത്തിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയിൽ റഷ്യൻ സൈന്യം നിർമ്മിച്ച് വിന്യസിച്ച മൊബൈൽ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ സംവിധാനമായ ഇസ്‌കന്ധർ അടക്കം വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്.

ഉക്രൈനിൽ നിന്ന് 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിൽ ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികരെ വിന്യസിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അധിനിവേശത്തിനുള്ള ഒരു പദ്ധതിയും റഷ്യയ്ക്കില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഉക്രൈനിന്റെ വർദ്ധിച്ചുവരുന്ന ബന്ധങ്ങളിൽ തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് റഷ്യയുക്ക് ഭയമുള്ളതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.