ചെന്നൈ: കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗായകൻ എസ്‌പി.ബാലസുബ്രഹ്മണ്യ (എസ്‌പിബി) ത്തിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വൈറസ് ബാധയെ തുടർന്ന് അതിഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയണ്. കോവിഡ് സ്ഥിരീകരിച്ച എസ്‌പിബിയെ ഈ മാസം അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

'അച്ഛന്റെ സ്ഥിതിയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. വെന്റിലേറ്ററിൽ നിന്നും അദ്ദേഹത്തെ മാറ്റിയെന്നു ചില വാർത്തകൾ വരുന്നുണ്ട്. അതൊന്നും ശരിയല്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം' എന്ന് മകൻ എസ്‌പി ചരൻ പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും എസ്‌പിബി അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ അദ്ദേഹത്തെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നു വാർത്തകൾ പുറത്തുവന്നു. എസ്‌പിബി ഉടൻ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ