മൂന്നാർ: ആലപ്പുഴയിൽ ജി സുധാകരൻ അനുഭവിക്കുന്നത് പാർട്ടിയിൽ ഒറ്റപ്പെടലിന്റെ വേദനയാണ്. അമ്പലപ്പുഴയിൽ പാർട്ടി വീണ്ടും ജയിച്ചിട്ടും സുധാകരൻ പ്രതിക്കൂട്ടിൽ. ആലപ്പുഴയിലെ എല്ലാ നേതാക്കളും കൂടി സുധാകരനെ ലക്ഷ്യമിടുന്നു. എന്നാൽ സിപിഎം വിടില്ലെന്നാണ് സുധാകരന്റെ ഉറച്ച തീരുമാനം. പാർട്ടി പ്രവർത്തകനായി അദ്ദേഹം തുടരും. ഇടുക്കിയിൽ സുധാകരനെ പോലെ സിപിഎമ്മിലെ കരുത്തനായിരുന്നു ദേവികുളത്തെ മുൻ എംഎൽഎ എസ് രാജേന്ദ്രൻ.

മൂന്നാർ കുടിയൊഴുപ്പിക്കലിനെ പോലും എതിർത്ത് തോൽപ്പിച്ച രാഷ്ട്രീയ ഇടപെടൽ. വി എസ് അച്യുതാനന്ദനെ പോലും പരസ്യമായി വിമർശിച്ച നേതാവ്. ഇത്തവണ ദേവികുളത്ത് മത്സരിക്കാൻ രാജേന്ദ്രൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സീറ്റ് കൊടുത്തില്ല. എന്നിട്ടും പാർട്ടി സ്ഥാനാർത്ഥി തന്നെ ദേവികുളത്ത് ജയിച്ചു. അപ്പോഴും ആലപ്പുഴയ്ക്ക് സമാനമാണ് ഇടുക്കിയിലും കാര്യങ്ങൾ. ദേവികുളം എംഎ‍ൽഎ. എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണകമ്മിഷന്റെ തെളിവെടുപ്പ് രാജേന്ദ്രന് എതിരാണ്. ഇടുക്കി സിപിഎമ്മിൽ രാജേന്ദ്രൻ ഏതാണ്ട് ഒറ്റപ്പെടുകയും ചെയ്തു. സുധാകരനെ പോലെ പാർട്ടിയിൽ അച്ചടക്കമുള്ള പാർട്ടിക്കാരനായി രാജേന്ദ്രൻ ഒതുങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

എസ്.രാജേന്ദ്രൻ സിപിഐ.യിലേക്കെന്ന് സൂചന ഇടതു കേന്ദ്രങ്ങളിൽ സജീവ ചർച്ചയാണ്. സിപിഎം നിയോഗിച്ച അന്വേഷണത്തിനൊടുവിൽ തനിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് രാജേന്ദ്രൻ സിപിഐ.യിൽ ചേരാനുള്ള നീക്കം ഊർജ്ജിതമാക്കിയത് എന്നാണ് റിപ്പോർട്ട്. രണ്ട് മുതിർന്ന പ്രാദേശികനേതാക്കളാണ് രാജേന്ദ്രനെ സിപിഐ.യിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. ഇരുവരും രാജേന്ദ്രനുമായി പഴയമൂന്നാറിലെ ഒരു റിസോർട്ടിൽ ചർച്ച നടത്തി.

അഞ്ചുവർഷം ജില്ലാ പഞ്ചായത്തംഗവും 15 വർഷം എംഎ‍ൽഎ.യുമായിരുന്ന രാജേന്ദ്രന്, തോട്ടംമേഖല ഉൾപ്പെടുന്ന മണ്ഡലത്തിലെ പള്ളർ വിഭാഗങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ട്. ഈ ബന്ധം ഭാവിയിൽ പാർട്ടിക്ക് ഗുണംചെയ്യുമെന്നത് മുന്നിൽക്കണ്ടാണ്, ഇതേ സമുദായത്തിൽപ്പെട്ട രണ്ട് നേതാക്കൾ രാജേന്ദ്രനെ സിപിഐ.യിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇടുക്കിയിൽ സിപിഐയ്ക്കും പ്രത്യേക താൽപ്പര്യങ്ങളുണ്ട്. എന്നാൽ, ഇതിൽ സിപിഐ.യിലെ മറ്റുള്ളവർക്ക് എതിർപ്പുണ്ട്.

എസ്.രാജേന്ദ്രനെതിരായ പരാതിയിൽ ജൂലായിലാണ് സിപിഎം. രണ്ടംഗ അന്വേഷണകമ്മിഷനെ നിയോഗിച്ചത്. ഇവർ അടിമാലി മേഖലയിൽ തെളിവെടുപ്പ് നടത്തി. മൂന്നാർ, മറയൂർ മേഖലകളിൽ തെളിവെടുപ്പ് വരുംദിവസങ്ങളിൽ നടക്കും. ഉടൻ നടപടി ഉണ്ടാകും. ഇതിനിടെയാണ് പുതിയ അഭ്യൂഹം. എന്നാൽ ഇത് പരസ്യമായി രാജേന്ദ്രൻ നിഷേധിക്കുകയാണ്. വെറും ഊഹാപോഹം എന്നാണ് രാജേ്ര്രന്ദന്റെ പ്രതികരണം.

സിപിഐ.യിലേക്ക് മാറുമെന്ന പ്രചാരണം വെറും ഊഹാപോഹമാണ്. 38 വർഷം പ്രവർത്തിച്ച പാർട്ടി എടുക്കുന്ന ഏതുതീരുമാനവും അനുസരിക്കും. മറിച്ചുള്ള പ്രചാരണങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. ഒരു കാലത്ത് വി എസ് അച്യുതാനന്ദനായിരുന്നു ഇടുക്കി സിപിഎമ്മിൽ മുൻതൂക്കം. മൂന്നാർ ദൗത്യത്തിന് വി എസ് മുഖ്യമന്ത്രിയായപ്പോൾ ഇറങ്ങി പുറപ്പെട്ടതോടെയാണ് സമവാക്യം മാറുന്നത്. എംഎം മണി വിഎസിനെ വിട്ട് പിണറായിയ്‌ക്കൊപ്പമെത്തി. എസ് രാജേന്ദ്രനും പിണറായിയുടെ അതിവിശ്വസ്തനായി.

ഇതോടെയാണ് ഇടുക്കിയിലും വി എസ് പക്ഷം വീണത്. അന്ന് രാജേന്ദ്രൻ നടത്തി ഇടപെടലുകൾ പിണറായിക്ക് അതിനിർണ്ണായകമായിരുന്നു. അങ്ങനെ പിണറായിയുടെ അതിവിശ്വസ്തനായ നേതാവാണ് രാജേന്ദ്രൻ. ഇതിന് സമാനമായ രാഷ്ട്രീയ ചരിത്രമാണ് ആലപ്പുഴയിൽ സുധാകരനുമുള്ളത്. ആലപ്പുഴയിൽ നിന്ന് വി എസ് പക്ഷത്തെ ഇല്ലാതാക്കിയ നേതാവ് സുധാകരനായിരുന്നു.