മുംബൈ: ക്രിക്കറ്റ് കരിയറിൽ വലിയ തിരിച്ചടിയുണ്ടാക്കിയ ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ പ്രതികരിച്ച് മലയാളി താരം എസ് ശ്രീശാന്ത്. 10 ലക്ഷം രൂപയ്ക്കുവേണ്ടി താൻ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ശ്രീശാന്ത് ചോദിക്കുന്നു. സ്പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്നെ വേട്ടയാടിയ വിവാദത്തെക്കുറിച്ച് ശ്രീശാന്ത് പ്രതികരിച്ചത്.

'ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാൻ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാർട്ടി നടത്തുമ്പോൾ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാൻ.

എല്ലാ കാശ് ഇടപാടുകളും കാർഡ് വഴിയാണ് ഞാൻ നടത്തുന്നത്. എന്റെ ജീവിതത്തിൽ എല്ലാവരേയും സഹായിക്കുകയും എല്ലാവർക്കും പ്രതീക്ഷ നൽകുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാൻ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാർത്ഥനയാണ് ഇതിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചത്.

ഒരു ഓവർ, 14 റൺസ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാൻ നാല് പന്തിൽ അഞ്ച് റൺസ് വഴങ്ങി. നോ ബോൾ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോൾ പോലും ഇല്ല. എന്റെ കാൽവിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130ന് മുകളിൽ വേഗതയിലാണ് ഞാൻ എറിഞ്ഞത്', ശ്രീശാന്ത് വ്യക്തമാക്കുന്നു.

2013-ലാണ് ശ്രീശാന്തും മറ്റു രണ്ട് രാജസ്ഥാൻ റോയൽസ് താരങ്ങളും ഒത്തുകളി വിവാദത്തിൽ കുരുങ്ങിയത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശ്രീശാന്ത് കുറ്റവിമുക്തനായി. ബിസിസിഐയുടെ വിലക്ക് കൂടി അവസാനിച്ചതോടെ വീണ്ടും ക്രീസിലെത്തിയിരിക്കുകയാണ് മലയാളി താരം. 27 ടെസ്റ്റിൽ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും മലയാളി താരം സ്വന്തമാക്കിയിട്ടുണ്ട്. 10 ട്വന്റി-20യിൽ നിന്ന് ഏഴു വിക്കറ്റാണ് സമ്പാദ്യം.