കൊച്ചി: നിലവിലുള്ള കോടതി അലക്ഷ്യകേസിൽ തീർപ്പുണ്ടാകുന്നതുവരെ ഓർത്തഡോക്സ് പക്ഷത്തെ നിയുക്ത കാതോലിക്ക, കാതോലിക്ക മറ്റ് ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുക്കുന്നത് തടണയമെന്ന് ആവശ്യപ്പെട്ട് യാക്കോബായ അൽമായ ഫോറം സുപ്രീംകോടതിയെ സമീപിച്ചു. അൽമായഫോറം പ്രസിഡന്റ് പോൾവറുഗീസും മറ്റ് രണ്ടുപേരും ചേർന്ന് 2898/2020 നമ്പറായി നൽകിയിട്ടുള്ളതും നിലനിൽക്കുന്നതുമായ കോടതി അലക്ഷ്യക്കേസ്സിൽ തീർപ്പുണ്ടാകുന്നതുവരെ ഓർത്തഡോക്സ് പക്ഷത്തെ പ്രധാന ചുമതലക്കാരെ തിരഞ്ഞൈടുക്കുന്നത് തടണമെന്നാണ് ( ഐ എ നമ്പർ 59071/2021)പുതിയ ഹർജ്ജിയിലെ ആവശ്യം.

മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് നടന്നെന്നും ഇതിനുപിന്നാലെ നിയുക്ത കാതോലിക്കയെ തിരഞ്ഞെടുക്കുന്നതായി പത്രവാർത്തകൾ വന്നിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അലക്ഷ്യഹർജ്ജി നൽകിയിട്ടുള്ളതെന്നും അൽമായഫോറം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം

2017 ജൂലൈ 3-ലെ സുപ്രിംകോടതി വിധിക്കുശേഷം 54 പള്ളികൾ യാക്കോബായ സഭയ്ക്ക് നഷ്ടമായിട്ടുണ്ട്. ഇതിനിടയിൽ പള്ളിപിടുത്തത്തിന് വേഗത പോര എന്ന വാദവുമായി യാക്കോബായ സഭയിൽ നിന്നും ഓർത്തഡോക്സ് പക്ഷത്തേയ്ക്ക് കൂറുമാറിയ ഫാ.ബിജു ഏല്യാസും ഓർത്തഡോക്സ് സഭയിലെ ഭാരവാഹികളും ചേർന്ന് 25 പേർക്കെതിരെ 2019 ഓഗസ്റ്റ് 29-ന് സുപ്രിംകോടതിയിൽ ഹർജ്ജി ഫയൽ ചെയ്തിട്ടുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറി , ഡിജിപി എന്നിവരും അതാതുസ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും യാക്കോബായ പക്ഷത്തെ ഏതാനും മെത്രപ്പൊലീത്തമാരും ഹർജ്ജിയിൽ എതിർ കക്ഷികളാണ്. ഓർത്തഡോക്സ് സഭയ്ക്ക് പിടിച്ചുകൊടുക്കേണ്ട പള്ളികളും അതത് പള്ളികളിലേയ്്ക്ക് നിയമിച്ച വികാരിമാരുടെ ലിസ്റ്റും ഹർജ്ജിയോടൊപ്പം ചേർത്തിട്ടുണ്ട്്. കേസ് കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് 2019-ൽ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഈയവസരത്തിൽ പഴന്തോട്ടം സെന്റ്മേരീസ് പള്ളിയിലെ പോൾ വറുഗീസ്,ജോണി ഇടയനാൽ,കോതമംഗലം പള്ളിയിലെ മാനോലിൽ കുഞ്ഞച്ചൻ എന്നിവർ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രിം കോടതി വിധി തെറ്റായി നടപ്പിലാക്കുന്നതെന്നും ഇത് കോടതി അലക്ഷ്യമാണെന്നുമായിരുന്നു ഹർജ്ജിയിലെ വാദം. പള്ളി ഒരു വിഭാഗത്തിന് പിടിച്ചുകൊടുക്കാൻ സുപ്രീംകോടതി വിധിച്ചിട്ടില്ലന്നും പാത്രിയാർക്കീസിലോ കാതോലിക്കയിലോ വിശ്വാസം അർപ്പിച്ചാലും ഇടവകാംഗങ്ങളെ പുറത്താക്കാൻ കഴിയില്ലെന്നും ഈ ഹർജ്ജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. യാക്കാബായ പക്ഷത്തുനിന്നും കൂറുമാറിയ തോമസ് മാർ അത്തനാസിയോസ്, യീഹാനോൻ മോർ മിലിത്തിയോസ്,സഖറിയ മോർ നിക്കോളാസ് എന്നിവർ 1934 -ലെ ഭരണഘടപ്രകാരം യോഗ്യതയുള്ളവരോ മലങ്കര അസ്സോസീയേഷൻ തിരഞ്ഞെടുത്ത മൈത്രാന്മാരല്ല.

ഇവർ നിയമവിരുദ്ധമായി പട്ടം കൊടുത്ത വൈദീകർ 1934-ലെ ഭരണഘടപ്രകാരം വിദ്യാഭ്യസ യോഗ്യതയുള്ളവരോ സന്മാർഗ്ഗികളോ അല്ലെന്നും ചൂണ്ടികാണിച്ച് ഒരു വിഭാഗം വൈദീകരെയും കേസ്സിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്.2002-ൽ ജസ്റ്റീസ് മളീമഠിന്റെ നിരീക്ഷണത്തിൽ നടന്ന മലങ്കര അസ്സോസീയേഷന് ശേഷമുള്ള തിരഞ്ഞെടുപ്പുകൾ ഒരു പക്ഷത്തിന്റെതുമാത്രമാണെന്നും അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കാതോലിക്കയ്ക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്നും ഹർജ്ജിൽ പറയുന്നു. മലങ്കരസഭയുടെ കാതോലിക്കയുടെയും മെത്രപ്പൊലീത്തമാരുടെയും അധികാരപരിധി ഇന്ത്യയിൽ മാത്രമാണെന്നും രാജ്യത്തിന് വെളിയിലുള്ള പൗരന്മാർ മലങ്കര അസോസീയേഷനിലോ മലങ്കരസഭ ട്രസ്റ്റിലെ പങ്കെടുക്കാൻ പാടില്ലന്നും വാദിക്കുന്ന ഹർജ്ജിക്കൊപ്പം മുൻവർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്.ഈ കേസ്സ് പലകാരണങ്ങൾ പറഞ്ഞ് ഓർത്തഡോക്സ് പക്ഷം നീട്ടിക്കൊണ്ടുപോകുകയാണ്.

ഇതിനിടെ കണ്ടനാട് പള്ളിയിലെ മാത്യു ടി മാത്തച്ചൻ,പഴന്തോട്ടം പള്ളിയിലെ ജോസ് ചക്കുങ്ങൽ എന്നിവർ 1934-ലെ ഭരണഘടനിയിലെ നിർബന്ധിത കുമ്പസാരം മനുഷ്യവകാശ ലംഘനമാണെന്നും നിർബന്ധിത പിരവ് പാടില്ലന്നും ഒരാൾ മാമോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായാൽ ആയാളെ പുറത്താക്കാൻ പാടില്ലന്നും ഇടവക തിരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ടവകാശം നിഷേധിക്കരുതെന്നും മറ്റും ആവശ്യപ്പെട്ട് മറ്റൊരു ഹർജ്ജിയും കോടതിയിൽ നൽകിയിട്ടുണ്ട്.

വിശ്വാസികളുടെ അന്തസിനെ ബാധിക്കുന്ന 1934 ഭരണഘനയിലെ വകുപ്പുകൾ റദ്ദുചെയ്യണമെന്നാണ് ഹർജ്ജിയിലെ മുഖ്യ ആവശ്യം.ഈ ഹർജ്ജിയിൽ സഭാ ഭരവാഹികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.പഴന്തോട്ടം സെന്റ് മേരീസ് പള്ളിയിലെ ജീന സാജു,തച്ചേത്ത്,മേരി സാജു ചക്കുങ്ങൽ എന്നിവർ ഈ കേസ്സിൽ കക്ഷിചേർന്ന് മറ്റൊരു ഹർജ്ജിയും സമർപ്പിച്ചിട്ടുണ്ട്.

നിർബന്ധിത കുമ്പസാരം വഴി സ്ത്രീകളുടെ സ്വകാര്യതയെ ചൂഷണം ചെയ്ത് വൈദീകർ സ്ത്രീ പീഡനം നടത്തുന്നു,നിർബന്ധിത കുമ്പസാരത്തിന്റെ പേരിൽ ഇടവക തിരഞ്ഞെടുപ്പിൽ നിന്നും മാറ്റി നിർത്തുന്നു,മലങ്കരസഭ സ്ചത്രീകളോട് കടുത്ത വിവേചനം കാണഇയ്ക്കുന്നു,തുല്യാവകാശവും വോട്ടവകാശവും നൽകുന്നില്ല ,ഇടവക ഭരണസമിതിയിലോ മറ്റ് ഭരണ സംവിധാനങ്ങളിലോ സ്ത്രീകൾക്ക് സ്ഥാനമോ പ്രാതിനിധ്യമോ നൽകുന്നില്ല എന്നിവയാണ് ഈ ഹർജ്ജിയിൽ ഉന്നയിച്ചിട്ടുള്ള പ്രധാന വസ്തുതകൾ.ഈ ഹർജ്ജിയും ഫയലിൽ സ്വീകരിച്ച് മുമ്പ് സൂചിപ്പിച്ച ഹർജ്ജിയോടൊപ്പം ചേർത്തിട്ടുണ്ട്.