മാരക്കാന: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും അർജന്റീനിയൻ ഫുട്‌ബോൾ സൂപ്പർ താരം ലയണൽ മെസിയുടേയും രാജ്യാന്തര കരിയറിൽ ചില സമാനതകളുണ്ട്. വ്യക്തിഗത നേട്ടങ്ങൾ ഓരോന്നോരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ചൂണ്ടിക്കാണിക്കാൻ ദേശീയ ജേഴ്സിയിൽ ഒരു രാജ്യാന്തര കിരീട നേട്ടമില്ല എന്നതായിരുന്നു ഇരുവരുടേയും ആരാധകരെ ഏറ്റവും വേദനിപ്പിച്ചിരുന്നത്. എന്നാൽ കരിയറിന്റെ പൂർത്തീകരണ കാലഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരുവരേയും തേടി ആ സ്വപ്‌നം നേട്ടം കടന്നുവന്നു. അതിനായി ഒറ്റമനസ്സോടെ ഒപ്പം നിന്നതാകട്ടെ സഹതാരങ്ങളും.

2011 ൽ സച്ചിനായി ഏകദിന ലോകകപ്പ് കിരീടം നേടാനായി ഒത്തിണക്കത്തോടെ ഒറ്റമനസായി തുടക്കം മുതൽ പൊരുതി ഇന്ത്യൻ ടീം അംഗങ്ങൾ. ഒടുവിൽ കലാശപ്പോരിൽ ശ്രീലങ്കയ്‌ക്കെതിരെ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ സച്ചിൻ തുടക്കത്തിലെ മടങ്ങിയെങ്കിലും ഗൗതം ഗംഭീറിനെ കൂട്ടുപിടിച്ച് നായകൻ എം എസ് ധോണി നടത്തിയ വീരോചിത പോരാട്ടമാണ് കിരീടനേട്ടത്തിലേക്ക് എത്തിച്ചത്.

മുന്നിൽ നിന്നും പട നയിച്ച എം എസ് ധോണി തന്നെയായിരുന്നു കരിയറിലെ അപൂർണതയായി ഏറെക്കാലം നീണ്ടുനിന്ന ആ കിരീടനേട്ടത്തിന് സച്ചിന് വഴിയൊരുക്കിയത്. ഒപ്പം വീറോടെ പൊരുതിയ ഓൾറൗണ്ടർ യുവരാജ് സിങ്, വീരേന്ദർ സേവാഗ് സഹീർ ഖാൻ എന്നിവർ അടക്കമുള്ള സഹതാരങ്ങൾ.



1992 ലോകകപ്പ് മുതൽ നാലു ലോകകപ്പുകളിൽ കിരീടമോഹം പൊലിഞ്ഞപ്പോഴും പ്രതീക്ഷയായിരുന്നത് ഇന്ത്യയിൽ നടന്ന 2011 ലോകകപ്പ് പോരാട്ടമായിരുന്നു. ഒടുവിൽ ആരാധകരുടെ പ്രതീക്ഷ പൂർത്തീകരിച്ച് നേട്ടവും. ലോകകപ്പ് നേട്ടത്തിനൊടുവിൽ സച്ചിനെ തോളിലേറ്റി സ്‌റ്റേഡിയം വലംവയ്ക്കുന്ന സഹതാരങ്ങളുടെ ആ ചിത്രം എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് പിന്നീട് ആരാധകർ തിരിച്ചറിഞ്ഞു. ലോറിയസ് ലോക കായിക പുരസ്‌കാരത്തിലൂടെ.

മാരക്കാനയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ ലയണൽ മെസിയുടെ കരിയറിനുമുണ്ടായിരുന്നു സമാനമായ അവസ്ഥ. ഓരോ ഫൈനൽ കഴിയുമ്പോഴും തല ഒന്നു ഉയർത്താൻ പോലുമുള്ള ശക്തിയില്ലാതെ, ഗ്രൗണ്ടിൽ തല താഴ്‌ത്തിയിരിക്കുന്ന, സഹതാരങ്ങളുടെ തോളോട് ചേർന്ന് കരയുന്ന, കണ്ണുനീർ ജെഴ്സികൊണ്ട് തുടക്കുന്ന, കപ്പിലേക്ക് ആർത്തിയോടെ നോക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം ഇനി മനസിൽ നിന്നും മായ്ചു കളയാം.

പകരം സഹതാരങ്ങൾ തീർത്ത 'കൈകുമ്പിളുകളിൽ' കിടന്നു തൊട്ടിലാടുന്ന, സന്തോഷത്തോടെ എല്ലാവരേയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന, കപ്പ് നീലാകാശത്തേക്ക് ഉയർത്തി അഭിമാനത്തോടെ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന മെസ്സിയുടെ പുതിയ ചിത്രം ഇനി ഹൃദയത്തിൽ ചേർത്തുവയ്ക്കാം.



സച്ചിനുവേണ്ടി ധോണിയാണ് ആ ദൗത്യം ഏറ്റെടുത്തതെങ്കിൽ മെസിക്കുവേണ്ടി കിരീടത്തിലേക്കുള്ള സ്വപ്ന ഗോൾ തന്റെ കരിയറിൽ ഉടനീളം ഒരു നിഴൽ പോലെ ഒപ്പം നിന്ന, എന്നാൽ പ്രതിഭയിൽ ഒട്ടും പിന്നിലല്ലാത്ത എഞ്ചൽ ഡി മരിയ എന്ന പ്രിയ കൂട്ടുകാരൻ.

ആറ് ബാലൻദ്യോർ പുരസ്‌കാരങ്ങളും യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ, ഫിഫ ലോക ഫുട്‌ബോളർ, ചാമ്പ്യൻസ് ലീഗ്. ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടെങ്കിലും കരിയറിൽ അപൂർണമായി ബാക്കിനിന്ന ഒരു രാജ്യാന്തര കിരീടം അർജന്റീന ജേഴ്സിയിൽ മുത്തമിടാൻ ഒടുവിൽ വഴി തുറന്നത് എന്നും ഒപ്പമുണ്ടായിരുന്ന സഹതാരം എഞ്ചൽ ഡി മരിയയാണ്.



അർജന്റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങിയപ്പോൾ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയത് മെസി ആരാധകരുടെ മനസിലാണ്. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടക്കുമ്പോൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്റീനിയൻ ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങളായി.

2014-ലെ ലോകകപ്പ് ഫൈനലിൽ അർജന്റീന ജർമനിയോട് തോറ്റതു മുതൽ തുടങ്ങിയതാണ് മെസ്സിയും കപ്പും തമ്മിലുള്ള ഒളിച്ചുകളി. ക്ലബ്ബ് കരിയറിൽ ബാഴ്സലോണയ്ക്കായി എല്ലാം വെട്ടിപ്പിടിക്കുമ്പോഴും ദേശീയ ജഴ്സിയിയിൽ മെസ്സിയുടെ പ്രകടനം നിറം മങ്ങിക്കൊണ്ടേയിരുന്നു. 2014-ലെ ലോകകപ്പിൽ മരിയോ ഗോഡ്സെ അധിക സമയത്ത് നേടിയ ഒരൊറ്റ ഗോളിൽ അർജന്റീനയ്ക്ക് കിരീടം നഷ്ടപ്പെട്ടപ്പോഴുള്ള മെസ്സിയുടെ മുഖം ആർക്കും മറക്കാനാകില്ല. സമ്മാനദാനച്ചടങ്ങിൽ രണ്ടാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ പോകുമ്പോൾ വിശ്വകിരീടത്തിലേക്ക് മെസ്സി തുറിച്ചുനോക്കുന്ന ചിത്രം ആരാധകരുടെ നെഞ്ചിലെ വിങ്ങലായിരുന്നു.

2015, 2016 കോപ്പ അമേരിക്കയിലും ഇതുതന്നെ സംഭവിച്ചു. 2015-ൽ പെനാൽറ്റി ഷൂട്ടൗട്ടിന് ഒടുവിൽ ചിലി 4-1ന് അർജന്റീനയെ തോൽപ്പിച്ച് കിരീടം ചൂടി. മൈതാന മധ്യത്തിൽ അരയിൽ കൈയും കുത്തി നിരാശയോടെ നിൽക്കാനേ അന്ന് മെസ്സിക്ക് കഴിഞ്ഞുള്ളു. 2016-ലും ഇതുതന്നെ ആവർത്തിച്ചു. മെസ്സി അടിച്ച പെനാൽറ്റി കിക്ക് പാഴായപ്പോൾ ഷൂട്ടൗട്ടിൽ അർജന്റീനയുടെ തോൽവി 4-2ന് ആയിരുന്നു.

ഈ പരാജയത്തിൽ മെസ്സിക്ക് പിടിച്ചുനിൽക്കാനായില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന ഞെട്ടിക്കുന്ന തീരമാനമാണ് മെസ്സിയിൽ നിന്ന് വന്നത്. തോൽവിയുടെ നിരാശയിൽ നിൽക്കുന്ന ആരാധകർക്ക് ഈ തീരുമാനം ഇരുട്ടടി ആയി. എന്നാൽ പിന്നീട് മെസ്സി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചുവന്നു. അർജന്റീന ജഴ്സി അണിയാൻ തുടങ്ങി. ഒടുവിൽ ആ വിരമിക്കിൽ തീരുമാനം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടപ്പോൾ അതേ കോപ്പയിൽ മധുരം നുണയുന്നു. ഇത്തവണ എതിരാളികൾ ചിലിക്ക് പകരം ബ്രസീൽ ആയി എന്ന വ്യത്യാസം മാത്രം. 1993-ന് ശേഷം അർജന്റീന നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണിത്. കളർ ടിവി വന്നതിനുശേഷം കപ്പ് നേടിയിട്ടുണ്ടോ എന്ന പരിഹാസം ഇനി അർജന്റീനയ്ക്കും മെസിയുടെ സംഘത്തിനും മറക്കാം.



പതിറ്റാണ്ടുകളോളം ഇന്ത്യൻ ക്രിക്കറ്റിനെ ചുമലിലേറ്റിയ ഇതിഹാസത്തിന്റെ ലോകകായിക വേദിയിൽ പതിറ്റാണ്ടുകളുടെ കായിക മുഹൂർത്തത്തിനുള്ള അംഗീകാരം. 2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങൾ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂർത്തമായി കായിക ലോകം തിരഞ്ഞെടുത്തത്. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിൻ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിൻ പറഞ്ഞു. അന്നു മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസിയും ലൂയിസ് ഹാമിൾട്ടനുമായിരുന്നു. ക്രിക്കറ്റിലെയും ഫുട്‌ബോളിലേയും ചില അപൂർവതകളിൽ കൈകോർക്കുകയാണ് സച്ചിൻ തെൻഡുൽക്കറും ലയണൽ മെസിയും.