തിരുവനന്തപുരം: തഞ്ചാവൂരിനടുത്തുള്ള മൈലാടുംതുറൈ മുഹമ്മദ് ഹനീഫ മകൻ സാദ്ദീഖ് ബാഷയുൾപ്പെടെ അഞ്ചു പേർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് സാദ്ദിഖ് ബാഷയേയും കൂട്ടരേയും തേടി ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി21 ന് മൈലാടുംപാറ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ തന്നെ സാദ്ദിഖ് ബാഷ പൊലീസിന് നേരെ തോക്ക് ചൂണ്ടി. ബാഷുടെ അപ്രതീക്ഷത നീക്കത്തിൽ പൊലീസ് പിന്നോട്ട് എടുത്തെങ്കിലും ഒടുവിൽ മൽപിടിത്തത്തലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്. സാദിഖ് ബാഷയെ ഇക്കാമാ ബാഷയെന്നും സാദ്ദിഖ് ബാച്ചയെന്നും വിളിക്കുന്നവരുണ്ട്.

ഇവരുടെ കാറിൽ നിന്നും സ്ഫോടക വസ്തുക്കൾ, പെൻക്യാമറ, തോക്ക്, ലാപ്‌ടോപ്പ് , തുടങ്ങിയ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ആയുധ നിയമ പ്രകാരം കേസെടുത്ത ശേഷം പ്രതികളെ പൊലീസ് തിരുച്ചറിപ്പള്ളി ജയിലിലടച്ചു. ഇവർ ഐ എസുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ തെളിവുകളും തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് പൊലീസ് കേസ് എൻ ഐ എ യ്ക്ക് കൈമാറി. കേസ് പരിശോധിച്ച എൻ ഐ എ തമിഴനാട്ടിലെ ഒൻപത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയ്ക്ക്ടുത്ത് സാദ്ദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജിൽ നിന്നും ചില ലഘു ലേഘകൾ എൻ ഐ എ കണ്ടെടുത്തു. ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ സൂചനകൾ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയിൽ നിന്നും കിട്ടി. ചെന്നൈയിൽ പോപ്പുലർ ഫ്രണ്ടുമായി ചേർന്നും സാദ്ദിഖ് ബാഷ പ്രവർത്തിച്ചിട്ടുണ്ട്.

ചെന്നൈ മണ്ണടി കുറുവം പേട്ടയിൽ സാദ്ദിക് ബാഷയ്ക്ക് ഉണ്ടായിരുന്ന കാറിന്റെ സെക്കന്റ് സെയിൽസ് കേന്ദ്രവും എൻ ഐ എ റെയിഡു ചെയ്തു. കേന്ദ്രത്തിൽ നിന്നും ലഭിച്ച തെളിവുകളാവും കേസിൽ നിർണായകമാവുക. ഈ കേന്ദ്രത്തിൽവെച്ച് യുവാക്കൾക്ക് ആയോധനകലയിൽ സാദ്ദിഖ് ബാഷ പരിശീലനം നല്കിയിരുന്നതായും വ്യക്തമായി. ഇവർക്ക് പരിശീലനം നല്കി ഐ എസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലടക്കം സാദ്ദിഖ് ബാഷയ്ക്കെതിരെ 10ലധികം കേസുകൾ ഉണ്ട്. 2017ൽ വടക്കൻ ചെന്നൈയിൽ വെച്ച് ആയുധ നിയമ പ്രകാരവും ചില നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടും സാദ്ദിഖ് ബാഷ പിടയിലായിട്ടുണ്ട്.

സാദ്ദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സാദ്ദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്പെഷൽ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദ്ദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ; ഇൻലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദ്ദിഖ് ബാച്ചയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

അണ്ണാശാലൈയിൽ ക്ലാസ് മുറിയും ബാച്ച ഒരുക്കിയിരുന്നു. കെട്ടിട നിർമ്മാണ കമ്പനിയെന്ന മറവിലായിരുന്നു ഇത്. യുവാക്കളെ തീവ്രവാശയങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനുള്ള ക്ലാസുകൾ ഇവിടെ നടന്നുവെന്നാണ് വിലയിരുത്തൽ ബംഗ്ലൂരുവിലെ മെഹബൂബ് പാഷയും കൂഡല്ലൂരിലെ കാജാ മൊയ്തീനും അടക്കമുള്ള തീവ്രവാദികൾക്കൊപ്പം നിന്ന് ദക്ഷിണേന്ത്യയിൽ തീവ്രവാദം വളർത്തുകയായിരുന്നു ലക്ഷ്യം. ബാച്ചയുടെ അറസ്റ്റുമായി ബന്ധപ്പെട്ട റെയ്ഡുകളിൽ നിർണ്ണായക സിഡികൾ പിടിച്ചെടുത്തു. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ഐസിസ് തീവ്രവാദികളുടെ പ്രസംഗം അടക്കം കിട്ടി.

വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദ്ദിഖ് ബച്ച എന്ന തീവ്രവാദി എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദ്ദിഖ് ബച്ച കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം.

കളിയിക്കാവിളയിൽ പൊലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ആക്രമണത്തിന്റെ സൂത്രധാരൻ സെയ്ദലവി താമസിച്ചതും ഇതേ റൂട്ടിലെ മലയോര മേഖലയായ വിതുരയിലാണ്. കൂടാതെ ഈ സംഘത്തിന് സഹായം ചെയ്തവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്ത് വെള്ളറട-തെങ്കാശി റൂട്ടിലാണ്. അവരിൽ നിന്നും തോക്കും കണ്ടെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ബോംബു കണ്ടെടുത്തതും തീവ്രവാദ പരിശീലനം നടന്നുവെന്ന് വ്യക്തമായതുമായ പത്തനംതിട്ട പാടം, കോന്നി വനമേഖലകളും ഈ റൂട്ടിലാണ്. അതായത് തെക്കൻ കേരളത്തിലെ മലയോര മേഖലയിൽ തീവ്രവാദ ഇടപെടലുകൾ ശക്തമാണ്. നിലയിൽ വെടിയുണ്ടകൾ കണ്ടെടുത്തതും ഈ റൂട്ടിലാണ്.

സാദ്ദിഖ് ബച്ച താമസിച്ചിരുന്ന വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാൾക്ക് പ്രാദേശിക തലത്തിൽ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങൾ, ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തി കേരളാ പൊലീസിന് അറിയിപ്പു നൽകിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മലയാളിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിലാണു തിരുവനന്തപുരം പാറശാല പുന്നക്കാട്ടുവില്ലയിൽ സയ്യിദ് അലി ക്കെതിരെ കുറ്റപത്രം നൽകിയത്.