ന്യൂഡൽഹി: ട്വീറ്റിനെച്ചൊല്ലിയുള്ള സിദ്ധാർത്ഥ് സൈന വിവാദങ്ങൾക്ക് പര്യവസാനം. ട്വീറ്റ് വിവാദത്തിൽ നടൻ സിദ്ധാർഥ് നടത്തിയ ക്ഷമാപണം സ്വീകരിക്കുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാൾ വ്യക്തമാക്കി. സിദ്ധാർഥ് പരസ്യമായി മാപ്പ് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു സ്ത്രീയോടും ഇത്തരത്തിൽ മോശം വാക്കുകൾ ഉപയോഗിക്കരുതെന്നും സൈന പറഞ്ഞു.

'ആ ദിവസം ട്വിറ്റൽ ഞാൻ ട്രെൻഡിങ് ആയപ്പോൾ അദ്ഭുതപ്പെട്ടു. ഞാൻ സിദ്ധാർഥുമായി സംസാരിച്ചിട്ടില്ല. അദ്ദേഹം ക്ഷമ പറഞ്ഞതിൽ സന്തോഷമുണ്ട്. ഒരു സ്ത്രീയേയും ഇത്തരത്തിൽ ലക്ഷ്യംവെയ്ക്കാൻ പാടില്ല. അതിനെക്കുറിച്ച് ഓർത്ത് ഞാൻ ആകുലപ്പെടുന്നില്ല. എന്റെ ഇടത്തിൽ ഞാൻ സന്തുഷ്ടയാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.' ഇന്ത്യാ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിനിടെ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സൈന പറയുന്നു.

ട്വീറ്റ് വിവാദമായതിന് പിന്നാലെ പിന്നാലെ മാപ്പുചോദിച്ച് സിദ്ധാർഥ് രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമർശത്തിൽ നടൻ ഖേദപ്രകടനം നടത്തിയത്. താനെഴുതിയ ക്രൂരമായ തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു. നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്.

ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യൻ ആയിരിക്കുമെന്നും സിദ്ധാർഥ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സൈനയും രംഗത്തെത്തിയിരിക്കന്നത്.ഇതോടെ പ്രശ്‌നത്തിന് പരിഹാരവുമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ തടഞ്ഞ സംഭവത്തിൽ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികൾ നടത്തിയ ആക്രമണത്തെ കടുത്തഭാഷയിൽ അപലപിക്കുന്നുവെന്നും അവർ എഴുതിയിരുന്നു.

ഈ ട്വീറ്റിന് സിദ്ധാർഥ് നൽകിയ മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. വ്യാപകമായ പ്രതിഷേധമാണ് ഇതേത്തുടർന്ന് സിദ്ധാർഥിനെതിരെ ഉയർന്നത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ, ബാഡ്മിന്റൺ താരവും സൈനയുടെ ഭർത്താവുമായ പി. കശ്യപ് തുടങ്ങി നിരവധി പേർ പ്രതിഷേധവുമായെത്തി. വനിതാ കമ്മീഷൻ സിദ്ധാർഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റർ ചെയ്തിരുന്നു.