തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രിയായാൽ ഇങ്ങനെ ഇരിക്കണം. പറയുമ്പോൾ പഴുതുകൾ എല്ലാം അടയ്ക്കണം. മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ പേരൂർക്കട പൊലീസും തയ്യാറാകില്ല. അത്ര കൃത്യമായിരുന്നു മന്ത്രിയുടെ പ്രതികരണം. ദത്ത് വിവാദത്തിൽ അനുപമയെക്കുറിച്ചോഅവരുടെ ഭർത്താവ് അജിത്തിനെ കുറിച്ചോ താൻ തെറ്റ് ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വിശദീകരണവുമായി എത്തുകയാണ്. എല്ലാം ആലോചിച്ച് ഉറച്ച് പറഞ്ഞതായിരുന്നു എന്ന് കൂടി പറയാതെ പറയുകയാണ് മന്ത്രി.

താൻ ആരുടെയും പേര് പറഞ്ഞില്ല. പെൺകുട്ടികൾ ശക്തരായി നിൽക്കണം എന്നാണ് താൻ പറഞ്ഞത്. രക്ഷിതാവ് എന്ന നിലയിലായിരുന്നു അഭിപ്രായ പ്രകടനം. തന്റെ നാട്ടിലും ഇങ്ങനെ ഉണ്ട്. അതാണ് പറഞ്ഞത്. സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ട്. അതാണ് പറഞ്ഞത് എന്നും മന്ത്രി സജി ചെറിയാൻ നിലപാട് ആവർത്തിച്ചു. അതായത് അത് അനുപമയേയും അജിത്തനേയും കളിയാക്കി പറഞ്ഞതല്ലെന്ന് മന്ത്രി പറയുന്നു. പക്ഷേ എന്റെ നാട്ടിൽ അത് നടന്നിട്ടുമുണ്ട്. ഇതാണ് സജി ചെറിയാന്റെ ക്ലാസിക് മറുപടി.

'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം'-ഇതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനോരമ പത്രത്തിലാണ് ഈ വാർത്ത എത്തിയത്. അതുകൊണ്ട് തന്നെ മന്ത്രി എല്ലാം നിഷേധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. ഒന്നും നിഷേധിക്കാതെ തന്നെ എല്ലാം ശരിവച്ച് കേസ് ഒഴിവാക്കുകയാണ് മന്ത്രി. അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ അനുപമയും അജിത്തും കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ദത്ത് വിവാദത്തിൽ സർക്കാരും പാർട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. അതിലെ സൂചനകൾ കൊണ്ടു ചെന്നത് അനുപമയിലേക്കും അജിത്തിലേക്കും ആയിരുന്നു.

കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീർത്തികരമായ പരാമർശം സജി ചെറിയാൻ നടത്തിയത്. അനുപമയുടെയും അജിത്തിന്റെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയെ അപ്രസക്തമാക്കുന്നതാണ് സജി ചെറിയാന്റെ പ്രസ്താവന. സാംസ്‌കാരിക മന്ത്രി പെൺകുട്ടികളെ നല്ലവഴിക്ക് വളർത്താനായി പറഞ്ഞ വാക്കുകൾ ഏറെ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

ആർക്കും ആരുടേയും പേരു പറയാതെ എന്തും പറയുകയും എഴുതുകയും ചെയ്യാമെന്ന് കൂടി പഠിപ്പിക്കുകയാണ് സജി ചെറിയാൻ. സോഷ്യൽ മീഡിയയിലും അനുപമയേയും അജിത്തിനേയും സൈബർ സഖാക്കൾ കടന്നാക്രമിക്കുന്നുണ്ട്. അതും പേരുവയ്ക്കാതെയാണ്. അതുകൊണ്ട് തന്നെ സജി ചെറിയാന്റെ വാക്കുകൾ കടമെടുത്ത് അവർക്കും ഈ സൈബർ ആക്രമണത്തിലെ കളിയാക്കൽ പോസ്റ്റുകളെ നിയമ വിധേയമാക്കാം. അങ്ങനെ കേരളത്തിന് തന്നെ പുതിയ വിമർശന രീതി പരിചയപ്പെടുത്തുകയാണ് സജി ചെറിയാൻ.

എനിക്കും മൂന്നു പെൺകുട്ടികളായതുകൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്. ഇങ്ങനെയും മന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.