തിരുവനന്തപുരം: അനുപമാ ചന്ദ്രനേയും അജിത്തിനേയും മന്ത്രി സജി ചെറിയാൻ അപമാനിച്ചില്ലെന്ന പ്രാഥമിക നിലപാടിലേക്ക് പൊലീസ്. നാട്ടിലെ വെറുമൊരു സംഭവമാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന മന്ത്രിയുടെ വിശദീകരണത്തിനൊപ്പമാണ് അന്വേഷണവും. കാര്യവട്ടം കാമ്പസിൽ മന്ത്രി നടത്തിയ പ്രസംഗത്തിൽ ഒരിടത്തും അനുപമയുടേയോ അജിത്തിന്റേയോ പേര് പറഞ്ഞിട്ടില്ല. ഈ പ്രസംഗത്തിന്റെ 58 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പൊലീസ് പൂർണ്ണമായും പരിശോധിച്ചു. ഈ സാഹചര്യത്തിൽ മന്ത്രിക്ക് എതിരെ കേസെടുക്കണമോ എന്ന് അറിയാൻ പൊലീസ് നിയമോപദേശം തേടി.

തന്റെ പേരു പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പൊലീസിന് അനുപമ നൽകിയ പരാതി. മനോരമ പത്രത്തിലെ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു അനുപമയുടെ മറുപടി. അനുപമയ്ക്ക് എതിരെ മന്ത്രി സജി ചെറിയാൻ... പോയത് എങ്ങോട്ട്? ഇതായിരുന്നു മനോരമാ വാർത്തയുടെ തലക്കെട്ട്. സ്വന്തം കുഞ്ഞിനെ തേടുന്ന അച്ഛനും അമ്മയ്ക്കുമെതിരെ വിവാദ പരാമർശങ്ങളുമായി മന്ത്രി സജി ചെറിയാൻ എന്ന് വാർത്തയ്ക്കുള്ളിലും പറയുന്നു. ഈ സാഹചര്യത്തിൽ അനുപമ പരാതി നൽകി. എന്നാൽ പ്രസംഗത്തിൽ ഒരിടത്തും ആരുടേയും പേര് സജി ചെറിയാൻ പറയുന്നില്ല. അതുകൊണ്ട് തന്നെ കേസെടുക്കാൻ പറ്റില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മന്ത്രിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ചെന്നു കൊള്ളുന്നത് എവിടെയാണെന്ന് പൊലീസിനും അറിയാം. അതുകൊണ്ടാണ് വിവാദം ഒഴിവാക്കാൻ പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയത്.

ഈ നിയമോപദേശം മനോരമയ്ക്ക് എതിരാകാനാണ് സാധ്യത. മന്ത്രി അനുപമയുടെ പേര് പറഞ്ഞില്ല. പിന്നെ എങ്ങനെ മനോരമ മന്ത്രിയുടെ പ്രസംഗം അനുമപയ്ക്ക് എതിരാണെന്ന് വിലയിരുത്തി എന്ന ചോദ്യമാകും ഉയരുക. അങ്ങനെ വന്നാൽ മനോരമയ്‌ക്കെതിരെ പൊലീസ് കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതായത് പേരു പറയാതെ സൂചനകളുമായി ആർക്കും എന്തും പറയാം. അതിൽ ഒളിച്ചിരിക്കുന്ന സൂചനകൾ പുറത്തു വിടുന്ന തരത്തിൽ വാർത്ത എഴുതിയാൽ കുടുങ്ങുമെന്നതാണ് അവസ്ഥ. പൊലീസ് നിഗമനങ്ങൾക്ക് സമാനമായ പ്രതികരണമാണ് ഈ വിഷയത്തിൽ മന്ത്രിയും നേരത്തെ എടുത്തിരുന്നത്. പത്രവാർത്ത വായിച്ചാണ് അനുപമ പൊലീസ് സ്‌റ്റേഷനിൽ കേസു കൊടുത്തത്. പേരൂർക്കടയിൽ കൊടുത്ത കേസ് ശ്രീകാര്യം പൊലീസിന് കൈമാറി.

മനോരമ ദിനപത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും പരാതി. അജിത്തിന് രണ്ടുംമൂന്നും കുട്ടികളുണ്ടെന്നും സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ചുവെന്നുമുള്ള മന്ത്രിയുടെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യക്തിഹത്യയും ഒരു പൗരന് ആരുടെ കൂടെ ജിവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ് മന്ത്രിയുടെ പരാമർശമെന്ന് പരാതിയിൽ പറയുന്നു. ഈ വാർത്തകൾ മനഃപൂർവമായ വ്യക്തിഹത്യയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. അതിനാൽ ഈ വാർത്തയെപറ്റി അന്വേഷണം നടത്തി സജി ചെറിയാൻ ഇത്തരമൊരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി.

മന്ത്രി സജി ചെറിയാൻ പറഞ്ഞതിങ്ങനെ: ''കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം-ഇതാണ് മന്ത്രി പറയുന്നത്.

എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്-സജി ചെറിയാൻ പറയുന്നു.

തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തിൽ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. അനുപമയ്‌ക്കൊപ്പമാണെന്ന് സിപിഎം പറയുമ്പോഴും അപകീർത്തിപരമായ പരാമർശം മന്ത്രി തന്നെ നടത്തിയതിൽ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതാണ് സിപിഎമ്മിന്റെ യഥാർത്ഥ നിലപാടെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.