തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഷൂട്ടിങ്ങിന് അനുമതി നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിന് ശേഷം ഉണ്ടായേക്കും.സീരിയൽ ഷൂട്ടിങ്ങിന് അനുമതി നൽകിയപ്പോഴും സിനിമയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ നിരവധി ചിത്രങ്ങളുടെ ചിത്രീകരണം ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതിനു പുറമെ ഫെഫ്കയുൾപ്പടെയുള്ള സംഘടനകൾ വകുപ്പ് മന്ത്രിക്ക് നിവേദനമുൾപ്പടെ സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നത്.

എത്രയും വേഗം സിനിമ ഷൂട്ടിങ്ങ് ആരംഭിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ടിപിആർ നിരക്കിലെ കുറവ് നോക്കി എത്രയും വേഗം ചിത്രീകരണ അനുമതി നൽകണമെന്ന ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന അവലോകന സമിതി യോഗത്തിന് ശേഷം സിനിമ ചിത്രീകരണ വിഷയത്തിൽ തീരുമാനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററുകൾ തുറക്കുന്നത്തിന് ഇനിയും കാലതാമസം ഉണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി. ചാനൽ ചർച്ചയിലാണ് മന്ത്രി ഇത് സംബന്ധിച്ച സൂചന നൽകിയത്.

ബഹുമാനപ്പെട്ട മോഹൻലാലിന്റെ സിനിമയുടെ കത്ത് ആന്റണി പെരുമ്പാവൂർ എനിക്ക് നൽകുന്നത് ഒരു ദിവസം മുൻപാണ്. ഇതിൽ ഇത്ര പ്രഷർ ഉണ്ടാക്കണ്ടേ ആവശ്യമില്ല. സിനിമ മേഖല പ്രതിസന്ധിയിൽ ആണെന്ന് നമുക്ക് അറിയാം. സർക്കാരിന് ഉത്തമ ബോധ്യമുണ്ട്. എത്രയും വേഗം ഷൂട്ടിങ്ങിന് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം.

എന്നാൽ ഒരു മൂന്നാം വകഭേദത്തിന്റെ സാധ്യത ഉള്ള സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോളുകളും പാലിക്കാതെ പോകാൻ പറ്റില്ല. അതുകൊണ്ടാണ് സീരിയലുകൾക്ക് അനുമതി നൽകിയത്. സ്വാഭാവികമായും സിനിമയുടെ കാര്യത്തിലും ആ പരിഗണന വരാൻ പോകുന്നു. രണ്ടു ദിവസം ഒന്ന് കാത്തിരിക്കൂ. എല്ലാ സിനിമയും കേരളത്തിൽ ഷൂട്ട് ചെയ്യാം. ഒരാളും എങ്ങും പോകില്ല. മോഹൻലാലിനെപ്പോലുള്ള കേരളത്തിനെ സ്‌നേഹിക്കുന്നവർ എങ്ങും പോകില്ല.

ചിലയാളുകൾ ഈ വിഷയത്തെ അങ്ങ് വളച്ചൊടിച്ചു. ചിലയാളുകൾ, ചില മാധ്യമങ്ങൾ ആ വാർത്തയെ അങ്ങ് വളച്ചൊടിച്ചു. വ്യാപാരികളുടെ പ്രശ്‌നം, സിനിമയുടെ പ്രശ്‌നം അങ്ങനെ കേരളത്തിൽ മുഴുവൻ പ്രശ്‌നമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. നമുക്ക് എല്ലാവർക്കും ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധി അതിജീവിക്കണം. ഈ സർക്കാർ കലാകാരന്മാർക്കൊപ്പമാണ്. ഏറ്റവും വേഗം ടിപിആറിന്റെ കുറവ് അനുസരിച്ച് ഷൂട്ടിങ്ങിനുള്ള അനുമതിയുടെ കാര്യം സർക്കാർ ആലോചിക്കും.

നാളത്തെ അവലോകന സമിതി യോഗത്തിൽ അതിനുള്ള തീരുമാനത്തിന് സാധ്യതയുണ്ട്. ടിപിആർ നിരക്ക് നോക്കിയിട്ടല്ലേ ചെയ്യാൻ പറ്റൂ. തിയേറ്ററുകളും എത്രയും വേഗം തുറക്കണം എന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും മോശമാണ്. വെളിച്ചം കാണാത്ത 65 സിനിമകൾ ഇപ്പോൾ ഞങ്ങളുടെ കൈയിൽ ഇരിപ്പുണ്ട്. അതിനായാണ് ഒടിടി പ്ലാറ്റ്ഫോം പോലുള്ള കാര്യങ്ങൾ സർക്കാർ തുടങ്ങാൻ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ചിത്രീകരണത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ കൂടുതൽ സിനിമ ഷൂട്ടിങ്ങുകൾ തെലുങ്കാനയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് മലയാള സിനിമ. മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രോ ഡാഡി ഇന്ന് രാമോജിയിൽ ചിത്രീകരണം തുടങ്ങി. ഇതിനുപുറമെ ദിലീപ് ചിത്രം കേശു വീടിന്റെ ഐശ്വര്യം, മഞ്ജു വാര്യർ, ജയസൂര്യ ചിത്രം മേരി ആവാസ് സുനോ എന്നിവയുടെ ചിത്രീകരണവും തമിഴ്‌നാട്ടിലും തെലുങ്കാനയിലുമായി നടത്തുവാനുള്ള പദ്ധതിയിലാണ്.