ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ വീട്ടിൽ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തി. കേരളത്തിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുകയാണെന്ന്, സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരപ്രവർത്തനം നടത്താൻ വേണ്ടി സാമൂഹികപരമായ ഉത്തരവാദിത്തങ്ങൾ മാറ്റിവെച്ച് വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനായി ആസൂത്രിത അക്രമങ്ങൾ നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു.

ഇക്കാര്യങ്ങളെല്ലാം ഇന്റലിജൻസ് റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ തീവ്രവാദ-വർഗീയ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയാൻ ജനങ്ങൾ ഒന്നിക്കണം. കേരളത്തിലെ 99 ശതമാനം ജനങ്ങളും ഇതിനെതിരല്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മണിക്കൂറുകളുടെ ഇടവേളയിൽ പൊലീസിന് വീഴ്ച വന്നു എന്ന ആരോപണം മന്ത്രി തള്ളിക്കളഞ്ഞു.

പൊലീസിന് വീഴ്ച വന്നിട്ടില്ല. അങ്ങനെ പറയുന്നത് ശരിയല്ല. പൊലീസ് ആ നിമിഷം മുതൽ പ്രവർത്തിക്കുന്നുണ്ട്. മരിച്ച സഹോദരൻ രൺജിത്തിന് യാതൊരു വിധ ശത്രുക്കളുമുള്ളതായി അറിവില്ല. അദ്ദേഹം ഒരു പെറ്റി കേസിൽ പോലും പ്രതിയല്ല. പൊലീസിന് പിന്നെയെങ്ങനെ വീഴ്ച വരും. പൊലീസിന് വീഴ്ച സംഭവിച്ചതായി കുറച്ച് ആളുകൾ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

 ആദ്യസംഭവമുണ്ടായപ്പോൾ മുതൽ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ഒരു കേസിൽപ്പോലും പ്രതിയല്ലാത്ത ഒരാളെ, ഇത്രയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുവെച്ച് കൊലപ്പെടുത്തുമെന്ന് എങ്ങനെ വിചാരിക്കും. ഞാനും ഒരു രാഷ്ട്രീയപ്രവർത്തകനാണ്. നാളെ മുതൽ 24 മണിക്കൂറും പൊലീസ് വീട്ടിൽ വന്നിരിക്കുമോ?. മന്ത്രിയാണെങ്കിൽപ്പോലും. കൊല്ലാൻ തീരുമാനിച്ചാൽ ആളുകൾ വന്നു കൊന്നിട്ടുപോകും. അതിന് പൊലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.

 സർവകക്ഷിയോഗത്തിൽ എസ്ഡിപിഐ ഉന്നയിച്ച ആരോപണം പച്ചക്കള്ളമാണ്. കേരള പൊലീസ് ഏതെങ്കിലും ഒരു സംഘടനയ്ക്കു വേണ്ടി നിൽക്കുന്നതാണോ ?. നിഷ്പക്ഷവും നീതിപൂർവകവുമായ് അന്വേഷിച്ച് പ്രതികളെ പിടിക്കാനാണ് ശ്രമിക്കുന്നത്. നവമാധ്യമങ്ങളിലൂടെയുള്ള കള്ളപ്രചാരണങ്ങൾ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. ഗൂഢാലോചന സംബന്ധിച്ചുള്ള ആരോപണങ്ങളെല്ലാം പൊലീസ് അന്വേഷിക്കട്ടെ.

സിപിഎമ്മിന്റെ എംപി ആരിഫിനെയും എംഎൽഎ സലാമിനെതിരെയുമുള്ള ബിജെപി ആരോപണങ്ങളും മന്ത്രി തള്ളി. ഇവരിരുവരും പത്തു നാൽപ്പതുവർഷങ്ങളായി കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്. പാർട്ടിയിലെ ഉന്നതരായ നേതാക്കളെപ്പറ്റിയുള്ള തോന്ന്യാസങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല. ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും കേസിലെ പ്രതികളെയെല്ലാം പിടികൂടുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.