കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിന് ക്ഷണം ലഭിക്കാത്തതിനെ ചൊല്ലി വിവാദം. ദേശീയ പുരസ്‌ക്കാര നേതാവ് കൂടിയായ സലിം കുമാറിനെ തഴഞ്ഞെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സലിം കുമാറും രംഗത്തുവന്നു. തനിക്ക് പ്രായം കൂടിയതാകാം കാരണമെന്ന് പരിഹസിച്ച് സലിം കുമാർ രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തോടുള്ള എതി4പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാൻ വൈകിയതാവുമെന്നും പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.

സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. വിവാദ0 അനാവശ്യമാണ്. സലിം കുമാർ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാൻ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമൽ പറഞ്ഞു. സലീം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമൽ പ്രതികരിച്ചു. സലീംകുമാറിനെ ഉടൻ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണെന്ന് നടൻ സലിം കുമാർ പ്രതികരിച്ചു. ചലച്ചിത്രമേളയിലെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിക്കേണ്ടത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. സ്വാഭാവികമായും എന്റെ പേരും ഉണ്ടാകുമല്ലോ. ഒരു ഗവൺമെന്റ് തരുന്ന മൂന്നു പുരസ്‌കാരങ്ങൾ കിട്ടിയ സ്ഥിതിക്ക് ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചു. പക്ഷേ പിന്നീടൊന്നും അതിനെക്കുറിച്ച് കേൾക്കാതെയായി. അപ്പോൾ മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു. പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അവർ പറഞ്ഞത്.' സലിം കുമാർ പറയുന്നു.

'പ്രായത്തിന്റെ കാര്യം പറയുകയാണെങ്കിൽ ആഷിക് അബുവും അമൽ നീരദുമെല്ലാം എന്റെ ജൂനിയർമാരായി കോളജിൽ പഠിച്ചവരാണ്. ഞാനും അവരും തമ്മിൽ അധികം പ്രായവ്യത്യാസമൊന്നുമില്ല. കൂടി വന്നാൽ മൂന്നു വയസ്സു വ്യത്യാസം. പിന്നീട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ വിളിച്ചിട്ടു പറഞ്ഞു, നാളെ വരാമോ എന്ന്. എന്നെ കളിയാക്കുകയാണോ എന്നു ഞാൻ തിരിച്ചുചോദിച്ചു. കാരണം തിരിതെളിക്കുന്ന ആളുകളുടെ പട്ടിക ഒരു മാസം മുമ്പു വന്നശേഷം, ഞാൻ അങ്ങോട്ട് വിളിച്ചുചോദിച്ചതുകൊണ്ടു മാത്രം അവസരം തരാമെന്നു പറഞ്ഞാൽ എന്താണു ചെയ്യുക.

അൻപതു വയസ്സ് ആണത്രേ പ്രായപരിധി. ഇവിടെ രാഷ്ട്രീയമാണ് വിഷയം. അവാർഡ് കിട്ടിയ ഏക കോൺഗ്രസുകാരൻ ഞാനാണ്, അയാളെ അടുപ്പിക്കാൻ പറ്റില്ല, അതുതന്നെ കാരണം. അത് പച്ചമലയാളത്തിൽ പറഞ്ഞാൽ എനിക്കു മനസ്സിലാകും. അവിടെ നടക്കുന്നത് ഒരു സിപിഎം മേളയാണ്. അവരുടെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കൂ. എന്റെ േപര് അബദ്ധത്തിൽ വിട്ടുപോയതല്ല. തിരുവനന്തപുരത്തു വച്ച് ടിനി ടോം ഇക്കാര്യം അധികൃതരോടു പറഞ്ഞിരുന്നു. എന്നെ മാറ്റി നിർത്തുന്നതിൽ ആരൊക്കെയോ വിജയിച്ചിട്ടുണ്ട്. ആ വിജയം വിജയമായിട്ടിരിക്കട്ടെ. അവർ സന്തോഷിക്കട്ടെ. ഞാൻ എന്തായാലും ചടങ്ങിനു പോകുന്നില്ല.

ഏതെങ്കിലും നേട്ടങ്ങൾക്കു വേണ്ടി പാർട്ടി മാറാനില്ല. കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സിപിഎം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ടു വിളിച്ചു ചോദിച്ചത്. പ്രായക്കൂടുതൽ എന്നാണു കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി. കലാകാരന്മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവർ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്തു വച്ചു നൽകിയത്.'- സലിം കുമാർ പറഞ്ഞു.