ബ്രിസ്ബെൻ (ആസ്ട്രേലിയ): ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിക്കുന്ന സല്യൂട്ട് ദ നേഷൻസ് ലോക സമാധാന ദിനമായ സെപ്റ്റംബർ 21 ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിൽ നടക്കും.യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ ആഗ്‌നസ് ആൻഡ് തെരേസ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സഹോദരിമാരായ ആഗ്‌നസും തെരേസയും ചേർന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ 6 മണിക്കൂർ തുടർച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷൻസ്. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുത്ത ഇരുന്നൂറോളം പേർക്കാണ് പരിപാടിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് പുറമേ ഓസ്ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ് ടീമും സന്നിഹിതരാകും. ആഗ്‌നസ് ആൻഡ് തെരേസ ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും അന്നേ ദിവസം നടക്കും.അതിരുകളില്ലാത്ത സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം കൈമാറുന്നതിനാണ് ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി രംഗത്തുള്ള സംഘടനകൾക്കും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും നൽകും. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേയും ദേശീയ ഗാനം ആലപിക്കുന്ന അന്താരാഷ്ട്ര പരിപാടി വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുക എന്നതാണ് ആഗ്‌നസിന്റേയും തെരേസയുടേയും ലക്ഷ്യം.

ഒരു രാജ്യത്ത് ഒരു പരിപാടി എങ്കിലും സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിലൂടെ ലഭിക്കുന്ന തുക യു.എൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ലോകസമാധാന ശ്രമങ്ങൾക്കും, ചൂഷണത്തിന് വിധേയരാകുന്ന കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും സ്ത്രീ സുരക്ഷയ്ക്കും ആഗ്‌നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.മാനസികാരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആഗ്‌നസ് ആൻഡ് തെരേസ ഫൗണ്ടേഷൻ മുഖ്യ ശ്രദ്ധ നൽകുന്നത്. ഇതിനായുള്ള ക്രിയാത്മകമായ ബോധവത്കരണവും പരിശീലനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മികച്ച അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങളും ഫൗണ്ടേഷൻ നടത്തി വരുന്നു.ഓസ്ട്രേലിയയിൽ താമസമാക്കിയ ജോയ് കെ മാത്യുവിന്റേയും ജാക്വലിന്റേയും മക്കളാണ് ആഗ്‌നസും തെരേസയും. ഇരുവരും വിദ്യാർത്ഥികളാണ്.

മലയാളികൾക്ക് അഭിമാനം

ഓസ്‌ട്രേലിയയിൽ താമസമാക്കിയ ചലച്ചിത്ര സംവിധായകൻ ജോയ് കെ മാത്യുവിന്റേയും നഴ്സ് ആയ ജാക്വാലിന്റേയും മക്കളാണ് ആഗ്നസും തെരേസയും. ആഗ്നെസ് ബ്രിസ്ബനിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു തെരേസ മൂന്നാം വർഷ ക്രിമിനോളജി ആൻഡ് സൈക്കോളജി വിദ്യാർത്ഥിയാണ് . മക്കളെ പഠനത്തിന്റെ ലോകത്തേക്ക് മാത്രം ചുരുക്കാതെ അവരുടെ ആഗ്രഹത്തിനൊത്തവണ്ണം കൈ പിടച്ച് നടത്താൻ ജോയിയും ജാക്വാലിനും എന്നും ഒപ്പമുണ്ട്.

ലോകം മഹാമാരിയുടേയും യുദ്ധസംഘർഷങ്ങളുടേയും നടുവിലൂടെ കടന്നു പോകുന്ന വർത്തമാന കാലത്ത് ഈ വിദ്യാർത്ഥികൾ നടത്തുന്ന പരിശ്രമം അതുകൊണ്ട് തന്നെ പ്രശംസനീയവും മാതൃകാപരവുമാകുന്നു.ഏതു കുട്ടിക്കും ലോകത്തിലെ ഏതു കോണിലും, ഏതു സാഹചര്യത്തിലുമായാലും സ്‌കൂൾ പഠനത്തോടൊപ്പം ഗൗരവമുള്ള ഏത് വിഷയവും ഗവേഷണം നടത്താനും പഠിക്കാനും കഴിയുമെന്ന സന്ദേശം കൂടി ഇത് വഴി ഇവർ നൽകുന്നു.

വർഷങ്ങൾ നീണ്ട തപസ്യ

ദേശീയ ഗാനമെന്നത് ഓരോ ജനതയുടേയും വികാരമാണ്. ആ വികാരം ജീവിത താളമാക്കിയവരാണ് സഹോദരിമാരായ ആഗ്‌നസും തെരേസയും. സ്വന്തം നാടിന്റെ മാത്രമല്ലലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയഗാനം മന:പാഠമാണ് ഇവർക്ക്. നീണ്ട എട്ട് വർഷത്തെ ഗവേഷണ ഫലമാണ് ഈ നേട്ടം. ഓരോ രാജ്യത്തിന്റേയും വൈവിധ്യങ്ങളുൾപ്പെടെ മനസിലാക്കിയാണ് ദേശീയഗാനവും ഇവർ പഠിക്കുന്നത്.

തങ്ങളുടെ നീണ്ട കാലത്തെ പരിശ്രമഫലം ലോകത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഈ സഹോദരിമാർ, സല്യൂട്ട് ദ നേഷൻസ് എന്ന അന്താരാഷ്ട്ര പരിപാടിയിലൂടെ. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ ഈ പ്രോഗ്രാം അവതരിപ്പിക്കാനാണ് ആഗ്നസും തെരേസയും ഉദ്ദേശിക്കുന്നത് . ലോകസമാധാന ദിനമായ സെപ്റ്റംബർ 21 നാണ് ആദ്യ പരിപാടി. ഓസ്ട്രേലിയയിലെ ബ്രിസ്ബെൻ സിറ്റിയിലുള്ള സെന്റ്.ജോൺസ് കത്തീഡ്രൽ ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തുടർച്ചയായി 6 മണിക്കൂർ പരിപാടി അവതരിപ്പിക്കും. യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓസ്‌ട്രേലിയയും ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷനുമാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. അതിരുകളില്ലാത്ത സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്ത മാതൃക ലോകജനതയ്ക്ക് മുന്നിൽ തുറന്നിടുകയാണ് ആഗ്‌നസും തെരേസയും.

സ്ഥാപിക്കാനൊരുങ്ങുന്നത് ലോക റിക്കാർഡ്

ലോകത്തിൽ ആദ്യമായി വിവിധ രാജ്യങ്ങളിലെ ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടുന്ന രണ്ടു കുട്ടികൾ, ലോകത്തിൽ ആദ്യമായി നൂറിൽ അധികം അന്താരാഷ്ട്ര ഭാഷകളിൽ പാടുന്ന രണ്ടു കുട്ടികൾ എന്നീ പ്രത്യേകതകളും ഈ സഹോദരിമാർക്ക് സ്വന്തമാണ്. ആഗ്‌നസ് മൂന്നാം ക്ലാസ്സിലും തെരേസ ആറാം ക്ലാസ്സിലും പഠിക്കുമ്പോൾ തുടങ്ങിയതാണ് ഗവേഷണവും പഠനവും. സല്യൂട്ട് ദ നേഷൻസ് എന്ന പരിപാടിയുടെ ഔപചാരികമായ തുടക്കം കൂടിയാണ് സെപ്റ്റംബർ 21 ന് നടക്കുന്നത്.

ഓസ്‌ട്രേലിയയിലെ പ്രമുഖർ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും ഓസ്‌ട്രേലിയൻ ബുക്ക് ഓഫ് റെക്കോർഡ് ടീമും വിവിധ വേൾഡ് റെക്കോർഡ് ടീമുകളും സന്നിഹിതരാകും. കേവലം റെക്കോർഡ് നേടുന്നതിനുള്ള ശ്രമമായിട്ടല്ല ആഗ്‌നസും തെരേസയും സല്യൂട്ട് ദ നേഷൻസ് പരിപാടിയെ കാണുന്നത്. മറിച്ച് ലോകസമാധാനവും വിശ്വസാഹോദര്യവും ഊട്ടിയുറപ്പിക്കുകയാണ് ഇതിന് പിന്നിൽ.

ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിൽ ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേയും ദേശീയ ഗാനം ആലപിക്കുന്ന അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുക എന്നതാണ് ആഗ്‌നസിന്റേയും തെരേസയുടേയും ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തിൽ നിയമ പ്രകാരം അനുവദിച്ചിട്ടുള്ളവർക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനം.

സമാധാനത്തിനായി ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷൻ

ഫണ്ട് കൈപ്പറ്റി ഒരു പരിപാടിയും ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷൻ ഇതേവരെ നടത്തിയിട്ടില്ല. സ്വന്തം പണം ഉപയോഗിച്ചായിരുന്നു ഇത് വരെയുള്ള പ്രവർത്തനങ്ങളെല്ലാം. മാനസികാരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷൻ മുഖ്യശ്രദ്ധ നൽകുന്നത്. ഇതിനായുള്ള ക്രിയാത്മകമായ ബോധവത്കരണവും പരിശീലനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മികച്ച അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളും കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പ്രവർത്തനങ്ങളും ഫൗണ്ടേഷൻ നടത്തി വരുന്നു.

ഇൻസ്പയറിങ് ജേർണി എന്ന പുസ്തകം ഉടനെ

ജീവിതത്തെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്ന ഇൻസ്പയറിങ് ജേർണി എന്നൊരു ബുക്കും ഇംഗ്ലീഷിലുൾപ്പെടെ വിവിധ ഭാഷകളിലായി ഉടൻ പ്രസിദ്ധീകരിക്കാനും ഈ സഹോദരിമാർ ഒരുങ്ങുകയാണ്. കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ നടത്തിയ പരിശ്രമങ്ങളും പരാജയങ്ങളും നേ്ട്ടങ്ങളും തുറന്ന മനസ്സോടെ പങ്കുവെയ്ക്കുന്ന പുസ്തകമാണിതെന്ന് ആഗ്‌നസും തെരേസയും പറയുന്നു. ജീവിതത്തിൽ ലക്ഷ്യം നഷ്ടപ്പെട്ടവർക്കും ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങി തളർന്നു പോയവർക്കും ജീവിതത്തിൽ ലഷ്യ സ്ഥാനത്ത് എത്താൻ പരിശ്രമിക്കുന്നവർക്കും ഊർജം പകരുന്നതായിരിക്കും ഈ പുസ്തകമെന്ന് അവർ പറയുന്നു.

ക്യൂൻസ്ലാൻഡ് പാർലമെന്റിൽ ചേർന്ന ചടങ്ങിൽ വച്ച് സ്പീക്കർ കേർട്ടിസ് പിറ്റ് 'സല്യൂട്ട് ദി നേഷൻസ്' എന്ന ഇന്റർനാഷണൽ ഈവന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ചിൽഡ്രൻ ആൻഡ് യൂത്ത് ജസ്റ്റിസ്, മൾട്ടി കൾച്ചറൽ അഫയേഴ്സ് മന്ത്രി ലിയാൻ ലിനാർഡ്,ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്‌ട്രേലിയ മുൻ പ്രസിഡന്റും എർത്ത് ചാർട്ടർ കോ-ഓർഡിനേറ്ററും സല്യൂട്ട് ദി നേഷൻസ് ഇന്റർനാഷണൽ കോ-ഓർഡിനേറ്ററുമായ ക്ലം ക്യാമ്പ്ബെൽ എന്നിവർ ചേർന്ന് സല്യൂട്ട് ദി നേഷൻസ് പോസ്റ്റർ റിലീസ് ചെയ്തു.

ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്‌ട്രേലിയ ക്യുൻസ്ലാൻഡ് വൈസ് പ്രസിഡന്റ് ഡോ. ഡോണൽ ഡേവിസ് ക്യുൻസ് ലാൻഡ് ഫോർമർ പാർലമെന്ററി മെംബേർസ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലെൻ എൽമെസ് എന്നിവർ സംസാരിച്ചു ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.