ഹൈദരാബാദ്: വിവാഹ മോചനത്തിന് പിന്നാലെ താൻ നേരിട്ടുകൊണ്ടിരിക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തെലുങ്ക് താരം സാമന്ത. ട്വിറ്ററിലൂടെയാണ് സാമന്തയുടെ കുറിപ്പ്.

തെലുങ്ക് താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്ന കാര്യം കഴിഞ്ഞ വാരമാണ് അറിയിച്ചത്. ആഴ്ചകളായി ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും അക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എന്നാൽ സാമന്തയ്ക്കുനേരെ അവഹേളനപരമായ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പിന്നാലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താൻ നേരിടുന്ന ദുരനുഭവം താരം ട്വിറ്ററിലൂടെ തുറന്നുപറഞ്ഞത്.

സാമന്തയുടെ കുറിപ്പ്

വ്യക്തിപരമായ ഒരു വിഷമഘട്ടത്തിൽ നിങ്ങൾ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങൾക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവർക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാൻ അബോർഷനുകൾ നടത്തിയെന്നും ഇപ്പോൾ ആരോപിക്കുന്നു.

ഒരു ഡിവോഴ്‌സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാൻ എനിക്കൽപ്പം സമയം അനുവദിക്കുക. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം മുൻപേ ഉള്ളതാണ്. പക്ഷേ ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവർ പറയാനിരിക്കുന്ന മറ്റെന്തെങ്കിലുമോ ഞാൻ അനുവദിച്ചുകൊടുക്കില്ല. എന്നെ തകർക്കട്ടെ. 

ഒരുപാട് ആലോചനകൾക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യർത്ഥിച്ചിരുന്നു. 'ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.

ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു', എന്നായിരുന്നു ഇരുവരും ചേർന്ന് പുറത്തിറക്കിയ കുറിപ്പ്.