ദുബായ്: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നൊരു ചൊല്ലുണ്ട്.പാക്കിസ്ഥാൻ ടി20 ലോകകപ്പ് സെമിയിൽ തോറ്റതിന് പിന്നാലെ പാക് അരാധകരുടെ പ്രതികരണം ഈ രീതിയിലാണ്.കാരണം തോറ്റത് പാക്കിസ്ഥാനാണെങ്കിലും വിമർശനം മുഴുവൻ താരങ്ങളുടെ ഭാര്യമാരായ ഇന്ത്യക്കാരികൾക്കാണ്. നിർണ്ണായക ക്യാച്ച് നഷ്ടപ്പെടുത്തിയ ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായ സാമിയ ഹസൻ അലി,ഷോയിബ് മാലിക്കിന്റെ ഭാര്യ സാനിയ മിർസ എന്നിവരാണ് വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. സാമിയക്കെതിരെ പാക്കിസ്ഥാൻ ആരാധകരാണ് രംഗത്തെത്തിയതെങ്കിൽ സാനിയക്കെതിരെ ഇന്ത്യൻ ആരാധകരാണ് രംഗത്ത് വന്നിരുന്നത്.

ആരാണ് സാമിയ ഹസൻ അലി.. വധ ഭീഷണി എന്തിന്

ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചു വിക്കറ്റിന് തോറ്റതിന് വില്ലനായി പാക് ആരാധകർ പ്രതിഷ്ഠിക്കുന്നത് അവരുടെ പേസർ ഹസൻ അലിയെയാണ്. അതിന് ഒരു കാരണവുമുണ്ട്. ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയാണ്, അതുകൊണ്ടാണ് ഹസൻ അലി മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്. ഇതിനുള്ള പ്രതിഫലം മത്സരത്തിന് മുമ്പ് തന്നെ ഹസൻ അലിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പാക് ആരാധകർ ആരോപിക്കുന്നു.

ഒരു എയറോനോട്ടിക്കൽ എഞ്ചിനീയറാണ് സമിയ.നിലവിൽ എമിറേറ്റ്സ് എയർലൈൻസിൽ ഫ്‌ളൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇവർ. ഹരിയാനയിലെ പൽവാൽ ജില്ലയിലെ ചന്ദേനി ഗ്രാമമാണ് സാമിയയുടെ സ്വദേശം. അവരുടെ പിതാവ് ലിയാഖത്ത് അലി ഹരിയാന സർക്കാരിൽ ജോലി ചെയ്ത് വിരമിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറാണ്. 15 വർഷത്തിലേറെയായി കുടുംബം താമസിച്ചിരുന്ന ഫരീദാബാദിൽ നിന്നാണ് സാമിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

2018 ലാണ് ദുബായിലുള്ള ഒരു സുഹൃത്ത് വഴി സാമിയയും ഹസനും പരിചയപ്പെടുന്നത്.''ഞാൻ അവളെ കണ്ടതിന് ശേഷം എന്റെ സഹോദരനോടും അളിയനോടും സംസാരിച്ചു.ഞാൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന്.എന്നാൽ കുടുംബത്തിന് പ്രശ്നമൊന്നുമില്ലായിരുന്നുവെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഹസൻ പറഞ്ഞിരുന്നു.2019-ൽ ദുബായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽവച്ചാണ് സാമിയ ഹസനെ വിവാഹം കഴിച്ചത്.

ഹസൻ അലി ഒരു ഇന്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനാൽ മത്സരം 'ഒത്തുകളിച്ചു' എന്നാണ് ചില പാക് ആരാധകർ ആരോപിക്കുന്നത്. ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസൻ അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുൻപ് ഹസൻ അലിയുടെ അക്കൗണ്ടിൽ പണമെത്തിയെന്നും അടക്കം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. കൂടാതെ, ഹസൻ അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയിൽ അസഭ്യ വർഷം തുടരുകയാണ്.

ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്‌സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിച്ചു.ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ടൂർണമെന്റിലെ ഹീറോയായ ഷഹീൻ അഫ്രിദിയ്‌ക്കെതിരെ മാത്യു വെയ്ഡ് മൂന്നു സിക്‌സർ പറത്തിയത്.നാല് ഓവറിൽ 44 റൺസ് വഴങ്ങിയതിനൊപ്പം നിർണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഹസൻ അലിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ അധിക്ഷേപ കമന്റുകൾ നിറയുന്നത്.

സാനിയെ വിടാതെ ഇന്ത്യൻ ആരാധകരും

സാമിയ ഹസൻ അലിക്കെതിരെ പാക് അരാധകർ വാളെടുക്കുമ്പോൾ സാനിയയെ വിമർശിക്കുന്നത് ഇന്ത്യൻ ആരാധകരാണ്.ആസട്രേലിയക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചുവെന്ന് കാണിച്ചാണ് സാനിയ മിർസക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ
വിദ്വേഷപ്രചാരണം അരങ്ങേറുന്നത്.

ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ആസ്‌ട്രേലിയ-പാക്കിസ്ഥാൻ സെമിഫൈനൽ കാണാൻ സാനിയയും എത്തിയിരുന്നു.ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിന്റെ കളി കാണാനാണ് സാനിയ സ്‌റ്റേഡിയത്തിലെത്തിയത്.ടെസ്റ്റ്, ഏകദിനങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച മാലിക് ഇപ്പോൾ ട്വന്റി20യിൽ മാത്രമാണ് പാഡണിയുന്നത്. അന്താരാഷ്ട്ര കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മാലിക്കിനായി ആർപ്പുവിളിക്കാനായി ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തിയ ചിത്രം പുറത്തുവന്നതോടെ ട്വിറ്ററിൽ 34കാരി വീണ്ടും ചർച്ചാവിഷയമായി.

പാക്കിസ്ഥാൻ-ആസ്‌ട്രേലിയ സെമിഫൈനൽ പുരോഗമിക്കവേ സാനിയ മിർസ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.സാനിയ എന്തിനാണ് പാക്കിസ്ഥാനെ പിന്തുണക്കുന്നതെന്ന് ചില ഇന്ത്യൻ ആരാധകർ ചോദിക്കുന്നത്. സാനിയയെ കായിക മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്തിനാണെന്ന് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ചില ട്വിറ്റർ ഉപയോക്താക്കൾ ചോദിക്കുന്നുണ്ട്.

പാക്കിസ്ഥാനെ പിന്തുണച്ചതിന് അവരെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നതിനെതിരെ ഒരുപറ്റമാളുകൾ അപലപിച്ചു. തന്റെ ഭർത്താവായ ശുഐബ് മാലിക്കിന്റെ ടീമിനെ പിന്തുണക്കാനുള്ള അവകാശം അവർക്കില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്.