മലപ്പുറം: അധികൃതർ കൈയൊഴിഞ്ഞ മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി കോളനിയിൽ സംസ്‌ക്കാര സാഹിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനകേന്ദ്രത്തിൽ ആഹ്ലാദ തിമർപ്പോടെ കാടിന്റെ മക്കൾ ഓൺലൈൻ പഠനം തുടങ്ങി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു. പഠനകേന്ദ്രം അലങ്കരിച്ചും മിഠായി വിതരണം ചെയ്തും ബലൂണുകൾകെട്ടിയും ആഹ്ലാദ തിമർപ്പോടെയാണ് കോളനിയിലെ കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കിയത്.

സ്‌കൂൾ അധ്യയനവർഷത്തിന് തുടക്കംകുറിച്ച് നാടെങ്ങും ഡിജിറ്റൽ പ്രവേശനോത്സവം നടന്നപ്പോൾ പഠനത്തിന് വഴികാണാതെ ദുരിതത്തിലായിരുന്നു മുണ്ടേരി ഉൾവനത്തിലെ ഇരുട്ടുകുത്തി കോളനിയിലെ പതിനഞ്ചോളം കുട്ടികൾ. പുസ്തകങ്ങളും അരിയും കോളനിയിലെത്തിച്ചതല്ലാതെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിനായി ഒരു സൗകര്യവും അധികൃതർഒരുക്കിയിരുന്നില്ല.

ഇവരുടെ ദുരിതമറിഞ്ഞ് കോളനിയിലെത്തിയ ആര്യാടൻ ഷൗക്കത്ത് പഠനകേന്ദ്രം നിർമ്മിച്ചു നൽകാമെന്ന ഉറപ്പു നൽകിയാണ് മടങ്ങിയത്. ഒരാഴ്ചക്കകം തന്നെ വാക്കുപാലിച്ച് കോളനിയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കി ഷീറ്റ് മേഞ്ഞ് പഠനകേന്ദ്രം ഒരുക്കി അവിടെ ഡിജിറ്റൽ ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങളൊരുക്കി അത് കുട്ടികൾക്കായി തുറന്നു നൽകി.

ഴിഞ്ഞ വർഷം സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ കോളനിയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ പഠന കേന്ദ്രം മരംവീണ് തകർന്നതോടെയാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. 2019ലെ പ്രളയത്തിൽ കോളനിയിലേക്കുള്ള കോൺക്രീറ്റ് പാലം തകരുകയും ചാലിയാർ പുഴ ഗതിമാറിയൊഴുകി കോളനിയിലെ വീടുകൾ നശിക്കുകയും ചെയ്തിരുന്നു.

അന്നു മുതൽ വനത്തിൽ താൽക്കാലിക ഷെഡുകൾകെട്ടിയാണ് ആദിവാസികളുടെ താമസം. ആദിവാസി യുവാക്കൾ ചങ്ങാടം കെട്ടിയാണ് കോളനിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. ഈ ദുരിത ജീവിതത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങിയപ്പോഴാണ് പഠനകേന്ദ്രവും ഡിജിറ്റൽ ടെലിവിഷൻ അടക്കമുള്ള പഠനസൗകര്യവുമായി സംസ്‌ക്കാര സാഹിതി തണലായത്. പഠനകേന്ദ്രം ഉദ്ഘാടന ചടങ്ങിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോർജ്്, പോത്തുകൽ പഞ്ചായത്തംഗം കവിത, നിഖിൽ ഇരുട്ടുകുത്തി, രാജേഷ് അപ്പൻകാപ്പ്, യൂസഫ് കാളിമഠത്തിൽ എന്നിവർ സംബന്ധിച്ചു.