അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ്.'ഭീംല നായക്'എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടി ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്.'കോശി കുര്യന്റെ' തെലുങ്കിലെ പേര് 'ഡാനിയൽ ശേഖർ' എന്നാണ്. റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. അതേസമയം കണ്ണമ്മ എന്ന കഥാപാത്രത്തെ നിത്യ മേനോനാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നടി ഗൗരി നന്ദയാണ് കണ്ണമ്മയായി എത്തിയത്.

2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. സാഗർ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രത്തിൽ പവൻകല്യാൺ, റാണ ദഗ്ഗുപതി, നിത്യ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്മൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്റെ സർക്കാരു വാരി പാട്ട, പ്രഭാസിന്റെ രാധേ ശ്യാം എന്നിവ ഇതേ സീസണിൽ തിയറ്ററുകളിൽ എത്തുന്നുണ്ട്.