ഗൂ​ഗിളിന് ആളുമാറിയതോടെ ഐപിഎൽ ടീമിൽ ഇടംപിടിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ ​ഗൂ​ഗിളിൽ തിരയുമ്പോൾ ബിജെപി നേതാവ് സന്ദീപ് വാര്യരെയും കാട്ടിത്തരുന്നത്. ഗൂഗിളിൽ kkr squad 2020 എന്ന് തിരഞ്ഞാൽ ബൗളർമാരുടെ നിരയിലാണ് ബിജെപി വക്താവ് കൂടിയായ സന്ദീപ് വാര്യരും ഇടംപിടിച്ചത്. കൊൽക്കത്ത ടീമിലെ മലയാളി രഞ്ജി താരം സന്ദീപ് വാര്യരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് ഇടം പിടിച്ചത്. ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബിജെപി നേതാവും ടീമിലുള്ളത്.

ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. selftroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാര്യർ തന്നെ ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇം​ഗ്ലീഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരു പോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ മുഴുവൻ പേര് ഇം​ഗ്ലീഷിൽ Sandeep G Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാര്യരുടേത് Sandeep S Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാര്യരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐപിഎൽ പോരാട്ടത്തിനായി കൊൽക്കത്ത യുഎഇയിൽ എത്തിക്കഴിഞ്ഞു. ടീമംഗങ്ങൾ കഴിഞ്ഞ ദിവസമാണ് അവിടെ എത്തിയത്.

 

#selftroll

Posted by Sandeep.G.Varier on Sunday, August 23, 2020